28.8 C
Pathanāmthitta
Tuesday, October 19, 2021 1:35 pm
Advertisment

നാല്‍പത് വയസിന് താഴെയുള്ള പുരുഷന്മാരില്‍ ‘പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍’?

പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണ് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍. ശുക്ലം ഉത്പാദിപ്പിക്കപ്പെടുന്നത് പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയില്‍ വച്ചാണ്. ഈ ദ്രാവകത്തിലൂടെയാണ് ബീജങ്ങള്‍ ചലിക്കുന്നതെന്ന് നമുക്കറിയാം. പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തന്നെ വിവിധ തരത്തിലുണ്ട്. അധികം ലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയോ,അഥവാ ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടെങ്കില്‍ പോലും അവ തിരിച്ചറിയപ്പെടാതെ പോവുകയോ ചെയ്യുന്നതിനാല്‍ വൈകി മാത്രം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തിരിച്ചറിയപ്പെടുന്ന സാഹചര്യങ്ങള്‍ ഏറെയാണ്. വളരെ പതിയെ മാത്രം രോഗം വളര്‍ന്നുവരുന്ന കാഴ്ചയും പ്രോസ്‌റ്റേറ്റ് ക്യാന്‍സറിന്റെ കാര്യത്തില്‍ സംഭവിക്കാറുണ്ട്.

ഏതായാലും പ്രായത്തിനും, ജീവിതസാഹചര്യങ്ങള്‍ക്കും, ഭൂപ്രകൃതിക്കും വരെ ഇതില്‍ ചില പങ്കുണ്ട് എന്നാണ് മിക്ക പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയില്‍ തന്നെ പലയിടങ്ങളിലും പല ഭൂപ്രകൃതിയും പല ജീവിതരീതകളുമാണുള്ളത്. ഇതിനനുസരിച്ച് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തോതും മാറുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാരമ്പര്യമായി പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ വന്ന ചരിത്രമുള്ളവര്‍, പ്രമേഹമുള്ളവര്‍, പ്രമേഹത്തില്‍ പാരമ്പര്യ ചരിത്രമുള്ളവര്‍, അമിതവണ്ണമുള്ളവര്‍, പുകവലിക്കുന്നവര്‍, വാസെക്ടമി ചെയ്തവര്‍ തുടങ്ങിയ വിഭാഗക്കാരെല്ലാം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത താരതമ്യേന കൂടുതലുള്ളവരാണ്.

വ്യക്തിയുടെ ഉയരവും ശരീരഭാരവും മറ്റ് ജീവിതരീതികളുമെല്ലാം ഇതില്‍ ഘടകമായി വരാറുണ്ടത്രേ. ഇന്ത്യയിലാ ണെങ്കില്‍ അസമിലാണ് ഏറ്റവുമധികം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ഗുജറാത്തിലും. എന്തുകൊണ്ടാണ് ഒരു വ്യക്തിയില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പിടിപെടുന്നത് എന്ന് കൃത്യമായി വിശദീകരിക്കാന്‍ വൈദ്യശാസ്ത്രത്തിന് സാധ്യമല്ല. നേരത്തേ സൂചിപ്പിച്ചത് പോലെ ഒരുപിടി ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നുവെന്ന് മാത്രമേ വിലയിരുത്താനാകൂ. എന്നാല്‍ പ്രായം സംബന്ധിച്ച് അല്‍പം കൂടി വ്യക്തത ഇക്കാര്യത്തിലുണ്ട്.

പ്രായം ഏറുന്നതിന് അനുസരിച്ചാണ് പ്രോസ്‌റ്റേറ്റ് സാധ്യത കൂടിവരുന്നത്. ഏതാണ്ട് 60 ശതമാനത്തോളം പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ രോഗികളും 65 വയസോ അതിന് മുകളിലോ ഉള്ളവരാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. സാധാരണഗതിയില്‍ നാല്‍പത്- അതിന് താഴെ പ്രായമുള്ളവരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ അങ്ങനെ കണ്ടെത്തപ്പെടാറില്ലെന്നും വിദഗ്ധര്‍ പറയുന്നു. അപൂര്‍വം ചില കേസുകള്‍ മാത്രം ഇത്തരത്തില്‍ വരാം.

ആദ്യഘട്ടത്തില്‍ മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളാണെന്ന് തോന്നിക്കുന്ന ലക്ഷണങ്ങളാത്ര പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുണ്ടാവുക. അടുത്ത ഘട്ടമാകുമ്പോഴേക്ക് നടുവേദന, എല്ല് പൊട്ടല്‍, മൂത്രനാളിയില്‍ കേടുപാട്, മലദ്വാരത്തില്‍ വേദന, കിഡ്‌നി പ്രവര്‍ത്തനത്തില്‍ സാരമായ തകരാറ് (ക്രോണിക് റീനല്‍ ഫെയില്വര്‍) എന്നിങ്ങനെയുള്ള ലക്ഷണങ്ങളും വരാം. ഏതെങ്കിലും വിധേന പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കാമെന്ന് വച്ചാല്‍ അത് അത്ര ഫലവത്തായ സംഗതിയില്ല. ആദ്യമേ സൂചിപ്പിച്ചത് പോലെ എന്തുകൊണ്ടാണ് ഇത് പിടിപെടുന്നത് എന്നത് അത്രയും സൂക്ഷ്മമായി വ്യക്തമാകാത്തതിനാല്‍ തന്നെ അതിനെ പ്രതിരോധിക്കലും എളുപ്പമല്ലല്ലോ. എങ്കിലും ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ ആകെ അര്‍ബുദ സാധ്യതകള്‍ ഒരു പരിധി വരെ കുറയ്ക്കാം. അതോടൊപ്പം തന്നെ ഇടവിട്ട് ആരോഗ്യപരിശോധനകള്‍ നടത്തുന്നതിലൂടെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ നേരത്തേ തിരിച്ചറിയാനും സാധിക്കും.
ആരോഗ്യകരമായ ഡയറ്റ്, വ്യായാമം, കൃത്യമായ ഉറക്കം, വിശ്രമം, മാനസിക സമ്മര്‍ദ്ദമില്ലാത്ത ജീവിതരീതി എന്നിങ്ങനെ പല ഘടകങ്ങള്‍ക്കും അര്‍ബുദ സാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കും. ഒപ്പം തന്നെ പുകവലി മദ്യപാനം എന്നിവ ഉപേക്ഷിക്കാനും കരുതലെടുക്കുക. സമയത്തിന് സ്‌ക്രീനിംഗിലൂടെ രോഗം കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സയും ഇതിന് ലഭ്യമാണ്. അതുപോലെ ക്യാന്‍സര്‍ ബാധിച്ചാല്‍ തന്നെയും ശ്രദ്ധയോടെ ജീവിക്കാനായാല്‍ ഏറെ നാള്‍ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോകാനും ഇതില്‍ സാധ്യമാണ്.

- Advertisment -
Advertisment
Advertisment
- Advertisment -
- Advertisment -

Most Popular