ടെഹ്റാന്‍ : ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുകയാണ്. കുര്‍ദ്ദിഷ് വനിത മഹ്സ അമിനിയാണ് (22) തലമറയ്ക്കുന്ന വിധത്തില്‍ ഹിജാബ് ധരിച്ചില്ലെന്നതിന്‍റെ പേരില്‍ അറസ്റ്റിലായത്. പീഡനത്തെ തുടര്‍ന്നാണ് മഹ്സയുടെ മരണമെന്ന് സമൂഹ മാധ്യമങ്ങളിലടക്കം പ്രചാരണമുണ്ടായതോടെ വ്യാപകമായി പ്രതിഷേധം ഉയരുകയായിരുന്നു. കഴിഞ്ഞ 16 മുതലാണ് പ്രതിഷേധസമരങ്ങളെ തുടര്‍ന്ന് അക്രമസംഭവങ്ങള്‍ ഉണ്ടായത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇറാന്‍റെ വടക്കന്‍ പ്രദേശങ്ങളായ മസന്‍ഡാരനിലും ഗിലാനലിലുമായി 450 പേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. പ്രതിഷേധക്കാര്‍ മസന്‍ഡാരനിലെ നിരവധി ഗവണ്‍മെന്‍റ് മന്ദിരങ്ങള്‍ ആക്രമിക്കുകയും പൊതുസ്വത്തുക്കള്‍ നശിപ്പിച്ചതായും ചീഫ് പ്രോസിക്യൂട്ടര്‍ മുഹമ്മദ് കരീമി പറഞ്ഞു. പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 1200ലേറെ പരിഷ്കരണ വാദികളാണ് ഇതുവരെ അറസ്റ്റിലായത്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ 41 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.