എറണാകുളം : വിഴിഞ്ഞം തുറമുഖ നിർമ്മാണ പദ്ധതി തടസ്സപ്പെടുത്താതെ പ്രതിഷേധമാകാമെന്ന് ഹൈക്കോടതി. സമരക്കാരിൽ നിന്നും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സമർപ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.
സമരം സമാധാനപരമായി നടത്താവുന്നതാണ്. സമരക്കാർക്ക് പദ്ധതിയെക്കുറിച്ച് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ഉചിതമായ സ്ഥലത്ത് ഉന്നയിക്കാമെന്നും പകരം പദ്ധതി നിർത്തിവെക്കുന്ന രീതിയിലുള്ള ഇടപെടൽ പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്നുണ്ടാകരുതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് അനു ശിവറാം വിശദമാക്കി. പദ്ധതി നിർത്തിവെക്കാനാവില്ലെന്ന് തന്നെയാണ് ഹൈക്കോടതി ഇതിലൂടെ വ്യക്തമാക്കുന്നത്.