തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യുവജന പ്രക്ഷോഭം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ തലങ്ങളിലും യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി-യുവമോര്‍ച്ച, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിേഷധ സമരം തുടരുകയാണ്. സെക്രട്ടേറിയറ്റിനു മുന്നില്‍ ഇന്നലെ തുടങ്ങിയ പ്രതിഷേധ സമരം ഇന്നും തുടരുകയാണ്. കൊല്ലത്ത് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ വീട്ടിലേക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മാര്‍ച്ച് നടത്തി. ആലപ്പുഴ അരൂരില്‍ മന്ത്രി എത്തിയ സുഹൃത്ത് എം.എസ് അനസിന്റെ വീട്ടിലേക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
അനസിന്റെ വീട്ടില്‍ തന്റെ വാഹനത്തില്‍ എത്തിയ ശേഷം അനസിന്റെ വാഹനത്തിലാണ് മന്ത്രി എന്‍ഫോഴ്‌സ്‌മെന്റിനു മുമ്പാകെ എത്തിയത്. തൃശൂര്‍ കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ യുവമോര്‍ച്ച പ്രതിഷേധത്തിനിടെ പോലീസുമായി നേരിയ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന് പരിക്കേറ്റു. കോട്ടയത്ത് എം.സി റോഡ് ഉപരോധിച്ച് യുവമോര്‍ച്ച പ്രതിഷേധം. വളാഞ്ചേരിയില്‍ ജലീലിന്റെ വീട്ടിലേക്കും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. വീട് പോലീസ് സംരക്ഷണത്തിലാണ്. കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. പലയിടത്തും പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.