തിരുവനന്തപുരം : മന്ത്രി കെ.ടി. ജലീലിനെ എന്‍.ഐ.എ. കൂടി ചോദ്യം ചെയ്തതോടെ മുഖ്യമന്ത്രിയെ ലക്ഷ്യമാക്കി മുന്നോട്ടുനീങ്ങാന്‍ പ്രതിപക്ഷം. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രിയെ സംശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി മന്ത്രിസഭയെ ഒന്നാകെ ആക്രമിക്കാനാണു നീക്കം. അതേസമയം രാഷ്ട്രീയമായി കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജലീലിനു പൂര്‍ണ പിന്തുണ നല്‍കാന്‍ ഇടതുമുന്നണി നിര്‍ബന്ധിതമാകുകയാണ്.
മലപ്പുറം ജില്ലയിലെ ലീഗ് കോട്ടകളില്‍ ഏതാനും വര്‍ഷങ്ങളായി ഇടതുമുന്നണിക്കു ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയുന്നത് കെ.ടി. ജലീലിനെയും പി.ടി.എ. റഹീമിനെയുംപോലെ ലീഗില്‍നിന്നു പിരിഞ്ഞുവന്നവര്‍ മൂലമാണെന്നാണു സി.പി.എം. കരുതുന്നു. അതിനാല്‍ ജലീലിനെ കൈവിടുന്നതു തിരിച്ചടിയാകുമെന്നു സി.പി.എമ്മും ഇടതുമുന്നണിയും വിലയിരുത്തുന്നു. ജലീല്‍ വിഷയത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം. ജലീല്‍ രാജിവെയ്‌ക്കേണ്ടതില്ലെന്ന നിലപാടുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി.
മതഗ്രന്ഥവും സക്കാത്തും വിതരണം ചെയ്യാന്‍ സഹായിച്ചെന്ന വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന പ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ ജലീലിനെതിരേ നടപടി സ്വീകരിക്കാന്‍ ഇടതുമുന്നണിക്കു കഴിയില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അനുകൂല നിലപാട് സ്വീകരിച്ച കാന്തപുരം വിഭാഗം ഈ വിഷയത്തില്‍ ജലീലിനൊപ്പവുമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ജലീലിന്റെ രാജിക്കായി സമ്മര്‍ദം ചെലുത്താനാകില്ലെന്നാണ് ഇടതുമുന്നണിയുടെ നിലപാട്. അതേസമയം വിശുദ്ധഗ്രന്ഥം വിതരണം ചെയ്തതിന്റെ പേരില്‍ ബലിയാടാക്കി എന്ന നിലയില്‍ ജലീല്‍ സ്വയം രാജിവച്ച് പൊതുസമുഹത്തിന് മുന്നിലേക്കു വരികയാണെങ്കില്‍ മുന്നണി എതിര്‍ക്കില്ല.
അതു ഗുണം ചെയ്യുമെന്നും അവര്‍ കരുതുന്നു. അതേസമയം ഇ.ഡി. ചോദ്യം ചെയ്തപ്പോള്‍ ന്യായീകരിച്ചതുപോലെ ലളിതമായി എന്‍.ഐ.എയുടെ ചോദ്യംചെയ്യലിനെ കാണാനാവില്ലെന്ന അഭിപ്രായവും മുന്നണിയിലുണ്ട്. ഇ.ഡിയുടെ ചോദ്യം ചെയ്യല്‍ സ്വത്ത് വിവരം സംബന്ധിച്ചാണ്. എന്നാല്‍ എന്‍.ഐ.എയില്‍ എത്തുമ്പോള്‍ വിഷയം രാജ്യദ്രോഹമാകുകയാണ്. അന്വേഷണം ഈ നിലയ്ക്കാണ് പോകുന്നതെങ്കില്‍ പഴയ നിലപാടില്‍ മുഖ്യമന്ത്രി കടിച്ചുതൂങ്ങി നില്‍ക്കണമോയെന്ന സംശയവും സി.പി.എമ്മിലുണ്ട്. നിഷ്പക്ഷമായി മുന്നോട്ടുനീങ്ങുമെന്ന് കരുതിയിരുന്ന അന്വേഷണം ഇപ്പോള്‍ രാഷ്ട്രീയലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
യു.എ.ഇ കോണ്‍സുലേറ്റ് ജനറലിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. മതഗ്രന്ഥം വന്നതും അദ്ദേഹത്തിന്റെ പേരിലാണ്. ബി.ജെ.പി അനുകൂല ചാനലിലെ മേധാവിയുടെ ചോദ്യം ചെയ്യലോടെയാണ് എല്ലാം മാറിമറിഞ്ഞത്. ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയലക്ഷ്യം സംശയിക്കുന്നുണ്ടെങ്കിലും അതു തുറന്നുപറയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സി.പി.എം. അതേസമയം സര്‍ക്കാരിനെ ഇടിച്ചുകാട്ടാന്‍ കഴിയുന്ന ഒരു വിഷയമായി തന്നെയാണ് യു.ഡി.എഫ്. ഇതിനെ വിലയിരുത്തുന്നത്. ജലീലിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് മതപരമായ പരിവേഷം നല്‍കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലൂം അതിനെ ”രാജ്യദ്രോഹം” എന്ന വാദമുയര്‍ത്തി മറയ്ക്കാനാണ് യു.ഡി.എഫിന്റെ ശ്രമം. സംഘടനയെ ഉത്തേജിപ്പിക്കാനുള്ള അവസരമായാണ് കോണ്‍ഗ്രസും ഈ വിഷയത്തെ സമീപിക്കുന്നത്. പുനഃസംഘടനയോടെ പാര്‍ട്ടിയിലുണ്ടായിട്ടുള്ള അസംതൃപ്തി പുറത്തുവരാതിരിക്കാനും ഒരുപരിധി വരെ ഇത് സഹായിക്കും.