കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം മുർഷിദാബാദിന് പിന്നാലെ പശ്ചിമബംഗാളിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെ സമാധാനത്തിന് ആഹ്വാനവുമായി മുഖ്യമന്ത്രി മമത ബാനർജി. മതത്തിന്റെ പേരിൽ ‘മതവിരുദ്ധ കളികൾ’ കളിക്കരുതെന്നും പ്രതിഷേധിക്കാനുളള അവകാശം ഉയർത്തിപ്പിടിക്കുമ്പോഴും നിയമം കയ്യിലെടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മമതാ ബാനർജി പറഞ്ഞു. ‘ഭക്തി, വാത്സല്യം, മനുഷ്യത്വം, സമാധാനം, സൗഹൃദം, സംസ്‌കാരം, ഐക്യം എന്നിവയെയാണ് ധർമ്മം അർത്ഥമാക്കുന്നത്. എല്ലാ മതങ്ങളും മനുഷ്യരെ സ്‌നേഹിക്കാനാണ് ആഹ്വാനം ചെയ്യുന്നത്. നമ്മൾ ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്കാണ്.
പിന്നെ എന്തിനുവേണ്ടിയാണ് യുദ്ധം ചെയ്യുന്നത്? എന്തിനാണ് കലാപങ്ങൾ? എന്തിനാണ് അശാന്തി? മനുഷ്യരോടുളള സ്‌നേഹം നമ്മെ വിജയിപ്പിക്കും. അവരുടെ പശ്ചാത്തലമോ മതമോ പരിഗണിക്കാതെ ആക്രമിക്കപ്പെടുന്നവർക്കും അടിച്ചമർത്തപ്പെടുത്തുന്നവർക്കുമൊപ്പം നിൽക്കണം. സമാധാനപരമായ പ്രതിഷേധങ്ങളുയർത്താൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ ആരും നിയമം കയ്യിലെടുക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് നിയമത്തിന് അതീതമായി പ്രവർത്തിക്കുന്നവരെ ആവശ്യമില്ല. അതുകൊണ്ട് ആരെങ്കിലും നിങ്ങളെ നിയമം കയ്യിലെടുക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൽ അവരുടെ കെണിയിൽ വീഴരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു’ മമത ബാനർജി പറഞ്ഞു.
ഏപ്രിൽ 11 വെളളിയാഴ്ച്ചയാണ് മുസ്ലീം ഭൂരിപക്ഷ മേഖലയായ മുർഷിദാബാദ് ജില്ലയിലെ ധൂലിയനിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വ്യാപകമായ അക്രമമുണ്ടായത്. സംഘർഷത്തിൽ മൂന്നുപേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച്ച സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. മുർഷിദാബാദിൽ സംഘർഷമുണ്ടായതിനുപിന്നാലെ സംസ്ഥാനത്ത് വഖഫ് ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മമത ബാനർജി ഉറപ്പുപറയുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
‘ഓർക്കുക, പലരും എതിർക്കുന്ന ഈ നിയമം നിർമ്മിച്ചത് ഞങ്ങളല്ല, കേന്ദ്രസർക്കാരാണ് അതിനുത്തരവാദി. വഖഫ് ബില്ലിൽ തൃണമൂൽ കോൺഗ്രസ് നേരത്തേ നിലപാട് വ്യക്തമാക്കിയതാണ്. പശ്ചിമബംഗാളിൽ ഇത് നടപ്പിലാകില്ല. ചില രാഷ്ട്രീയപാർട്ടികൾ അവരുടെ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുകയാണ്. അവരുടെ പ്രേരണയ്ക്ക് വഴങ്ങരുത്. സമാധാനവും ഐക്യവും നിലനിർത്താൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു’-എന്നാണ് മമത ബാനർജി പറഞ്ഞത്.