നാഗാലാൻഡ്: വന്ദേമാതരം നിർബന്ധമായി ആലപിക്കണമെന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ നാഗാലാൻഡിൽ പ്രതിഷേധം കടുക്കുന്നു. നിയമസഭക്ക് പുറത്ത് നാഗ സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എൻ.എസ്.എഫ്) നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. കേന്ദ്രത്തിൻ്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് എൻ.എസ്.എഫ് അംഗങ്ങൾ ക്രിസ്തീയ ഗാനങ്ങൾ ആലപിച്ചാണ് വിദ്യാർത്ഥി സംഘടന പ്രതിഷേധിച്ചത്. എൻ.എസ്.എഫ് മുൻ പ്രസിഡന്റും എൻ.പി.എഫ് എം.എൽ.എയുമായ അച്ചുംബെമോ കിക്കോൺ നിയമസഭയിൽ വിഷയം ഉന്നയിച്ചു. ഗോത്ര, രാഷ്ട്രീയ ബന്ധമുള്ള നിയമസഭാംഗങ്ങളുടെയും ക്രിസ്തീയ സഭയുടെയും ഗോത്ര സംഘടനകളുടെയും ആശങ്കകളും അഭിപ്രായങ്ങളും സംസ്ഥാന സർക്കാർ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് കിക്കോൺ പറഞ്ഞു. വിദ്യാർത്ഥികൾ പ്രക്ഷോഭം പിൻവലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കോൺഗ്രസ് നേതാവും നാഗാലാൻഡിലെ ഏക ലോക്‌സഭാംഗവുമായ എസ്. സുപോങ്‌മെരെൻ ജാമിർ പ്രതിഷേധ സ്ഥലം സന്ദർശിക്കുകയും പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കേന്ദ്രവുമായി ഈ വിഷയം ചർച്ച ചെയ്യുമെന്ന് അദ്ദേഹം വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. സർക്കാർ പരിപാടികളിൽ വന്ദേമാതരം നിർബന്ധമായും ആലപിക്കുന്നതിനെതിരെ ശക്തമായ ജനാധിപത്യ പ്രക്ഷോഭം നടത്തുമെന്ന് എൻഎസ്എഫ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. നാഗാലാൻഡ് സർക്കാർ വന്ദേമാതരം അടിച്ചേൽപ്പിക്കുന്നതിനെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതുവരെ ഈ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അവർ പറഞ്ഞു.






























