തിരുവനന്തപുരം : കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയതിന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട കെ.പി.സി.സി മുന്‍ സെക്രട്ടറിയും നെടുമങ്ങാെട്ട യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായിരുന്ന പി.എസ് പ്രശാന്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം എ.കെ.ജി സെന്‍ററിലെത്തിയ പ്രശാന്ത് സി.പി.എമ്മില്‍ ചേര്‍ന്നിരുന്നു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം എന്നിവര്‍ക്കൊപ്പമാണ് പ്രശാന്ത് മുഖ്യമന്ത്രിയെ കാണാന്‍ എത്തിയത്.
നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ അന്വേഷിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കും മുമ്പ് കോണ്‍ഗ്രസ് ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിക്കുന്നത് ശരിയല്ലെന്ന് വാര്‍ത്തസമ്മേളനത്തില്‍ പ്രതികരിച്ചതിനെ തുടര്‍ന്നാണ് പി.എസ്. പ്രശാന്തിനെ ആറുമാസത്തേക്ക് പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത്. അച്ചടക്കലംഘനം നടത്തി വാസ്തവവിരുദ്ധവും അടിസ്ഥാനരഹിതവുമായ പരസ്യപ്രതികരണം നടത്തിയതിനാണ് നടപടിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് വ്യക്തമാക്കിയിരുന്നു.
അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പട്ടികയില്‍ അന്വേഷണസമിതി മുമ്പാകെ സ്ഥാനാര്‍ഥികള്‍ ആക്ഷേപം ഉന്നയിച്ച പല പേരുകളും ഉണ്ടെന്നും നടപടിയെടുത്തില്ലെങ്കിലും അവരെ ആദരിക്കരുതെന്നുമാണ് പ്രശാന്ത് വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം 52 പുതുമുഖങ്ങളെ മത്സരിപ്പിച്ചതാണെമെങ്കില് കെ. മുരളീധരനും വി.എസ്. ശിവകുമാറും വി.ടി. ബല്‍റാമും എം. ലിജുവും ഉള്‍പ്പെടെ തോറ്റത് എന്തുകൊണ്ടാണെന്നും പ്രശാന്ത് ചോദിച്ചിരുന്നു. ഇനിയൊരു തലമുറമാറ്റത്തിന് നേതൃത്വം മുതിരരുതെന്ന ചില മുതിര്‍ന്ന നേതാക്കളുടെ ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്നും ഞങ്ങളില്ലെങ്കില്‍ പിന്നെ കോണ്‍ഗ്രസ് ഉണ്ടാകരുതെന്ന ചില നേതാക്കളുടെ പെരുന്തച്ചന് മനോഭാവം മാറണമെന്നും പ്രശാന്ത് തുറന്നടിച്ചു.
മനഃസമാധാനേത്താടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണ് ഈ തീരുമാനമെന്നായിരുന്നു സി.പി.എമ്മില്‍ ചേര്‍ന്ന ശേഷമുള്ള പ്രശാന്തിന്‍റെ പ്രതികരണം. ‘ഒരു ഉപാധിയുമില്ലാതെയാണ് ഇവിടെ എത്തിയത്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ചുമതലയും സ്വീകരിക്കും. ജനങ്ങള്‍ക്കൊപ്പം നിലനില്‍ക്കുന്ന പാര്‍ട്ടിയെന്ന നിലക്കാണ് സി.പി.എമ്മിലെത്തിയത്’- പ്രശാന്ത് പറഞ്ഞു.