തിരുവനന്തപുരം : പിഎസ്‌സിയെ മറയാക്കി സർക്കാർ ജോലി വിൽപനയ്ക്ക്. മുദ്രപത്രത്തിൽ കരാർവെച്ച് പിൻവാതിൽ നിയമനം ഉറപ്പാക്കുന്നതിന്റെ തെളിവ് പുറത്ത് . ലക്ഷങ്ങൾ കോഴ പറഞ്ഞുറപ്പിക്കുന്നത് ഭരണമുന്നണിയിലെ ഘടകകക്ഷിയുടെ യുവനേതാവ് രാജീവ് ജോസഫ് ആണ്.
പിഎസ്‌സിയിൽ ജോലി വാഗ്‌ദാനം ചെയ്ത് നാലുലക്ഷം രൂപ ആവശ്യപ്പെട്ടിട്ടുള്ളതും ആയതിന് 2019 ജൂൺ 15ന് അഡ്വാൻസ് ആയി മൂന്നുലക്ഷം രൂപ ഒന്നാം കക്ഷിയുടെ തൃപ്പൂണിത്തുറയിലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് രണ്ടാം കക്ഷിയുടെ ചങ്ങനാശ്ശേരിയിലെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാൻസ്ഫർ ചെയ്തത്, രണ്ടാം കക്ഷി കൈപ്പറ്റിയിട്ടുള്ളതുമാണെന്ന് മുദ്രപത്രത്തിൽ പറയുന്നു. പിന്നീട് ബാലൻസ് തുകയായ ഒരു ലക്ഷം 2020 ജനുവരി 21ന് മേൽപ്പറഞ്ഞ അതേ അക്കൗണ്ടുകളിലൂടെ നല്‍കിയിട്ടുള്ളതാണ്. അങ്ങനെ ആറുമാസം കൊണ്ട് ആകെ നാലു ലക്ഷം രൂപ സർക്കാർ ജോലി തരപ്പെടുത്താമെന്ന ഉറപ്പില്‍ ഒന്നാം കക്ഷിയിൽ നിന്ന് രണ്ടാം കക്ഷി വാങ്ങിയെടുത്തു.
ഇടപാടിലെ രണ്ടാം കക്ഷി കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗത്തിന്റെ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് രാജീവ് ജോസഫ് എന്ന് കരാറില്‍ പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. 2019 ജൂൺ 15ന് മൂന്നുലക്ഷം കൈമാറി കരാർ ഉറപ്പിക്കുമ്പോൾ, നാലു മാസത്തിനുള്ളിൽ പിഎസ്‌സി മുഖേന ജോലി കിട്ടിയിരിക്കും എന്നായിരുന്നു രാജീവിന്റെ ഉറപ്പ്. ഇതിനായി ഈവർഷം ആദ്യം ഒരുലക്ഷം കൂടി വാങ്ങി. നടപടിയാകാതെ നീണ്ടപ്പോൾ പരാതിക്കാർ പാർട്ടി നേതൃത്വത്തെ ബന്ധപ്പെട്ടു. പാർട്ടിക്കും മുന്നണിക്കും ക്ഷീണമാകുമെന്നായ ഘട്ടത്തിൽ ഇരുചെവി അറിയാതെ വിഷയം പരിഹരിക്കാൻ ഉണ്ടാക്കിയ കരാർ ആണിത്.