തിരുവനന്തപുരം : സര്‍ക്കാര്‍ നടപടി അനുകൂലമല്ലെങ്കില്‍ മറ്റന്നാള്‍ മുതല്‍ നിരാഹാര സമരം നടത്തുമെന്ന് പിഎസ്‍ സി ഉദ്യോഗാര്‍ഥികള്‍. സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും സര്‍ക്കാര്‍ ഉത്തരവ് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സമരക്കാര്‍ പറഞ്ഞു.
കാത്തുകാത്തിരുന്ന് ചര്‍ച്ച നടന്നിട്ടും അനിശ്ചിതത്വം ഒഴിയുന്നില്ല. സി പി ഒ, എല്‍ ജി എസ്, അധ്യാപക റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ ചര്‍ച്ചക്ക് ശേഷവും സമരം തുടരുകയാണ്. ഇന്നലെ നല്‍കിയ ഉറപ്പുകള്‍ രേഖയാക്കി ഇന്ന് തന്നെയെത്തിക്കുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ. മറിച്ചായാല്‍ ചൊവ്വാഴ്ച മുതല്‍ സമരം ശക്തമാക്കും. ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാമെന്നാണ് ആഭ്യന്തര സെക്രട്ടറി ടി കെ ജോസും എ ഡി ജി പി മനോജ് എബ്രഹാമും ഉദ്യോഗാര്‍ഥികളെ അറിയിച്ചത്. സമരം സമാധാനപരമാകണമെന്ന നിര്‍ദ്ദേശം ഉദ്യോഗാര്‍ത്ഥികള്‍ അംഗീകരിച്ചിട്ടുണ്ട്.