തിരുവനന്തപുരം : കേരളത്തിലെ പി.എസ്.സി. പരീക്ഷാക്രമക്കേടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ ഇടപെടുന്നു. നൂറോളം പരാതികളുയർന്നതിനാൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യാനാണ് നീക്കം. പി.എസ്.സി. ഭരണഘടനാസ്ഥാപനമായതിനാൽ നടപടിയെടുക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ട്. രാഷ്ട്രപതി സുപ്രീംകോടതിയുടെ അന്വേഷണത്തിന് റഫർ ചെയ്താൽ പി.എസ്.സി. ചെയർമാനെയും അംഗങ്ങളെയും സസ്‌പെൻഡ് ചെയ്യാൻ ഗവർണർക്ക് കഴിയും. സുപ്രീംകോടതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രപതിക്ക് പി.എസ്.സി.യെ പിരിച്ചുവിടാം. ഇതിനുള്ള നിയമസാധ്യതയാണ് ഗവർണർ തേടുന്നതെന്നാണ് വിവരം.
ഇപ്പോഴത്തെ സർക്കാർ നടപടിയിലും ക്രൈംബ്രാഞ്ചിന്റെ പ്രത്യേകാന്വേഷണത്തിലും ഗവർണർ തൃപ്തനല്ല. പി.എസ്.സി.ക്കെതിരേ കടുത്ത നടപടി ആലോചിക്കാൻ അദ്ദേഹം നിയമോപദേശം തേടിയതായി ലോക്ഭവൻ വൃത്തങ്ങൾ പറഞ്ഞു. രണ്ടുമാസമായി വിവാദംപുകയുന്ന പരീക്ഷാക്രമക്കേടിൽ ഇതുവരെ ഒരു വഴിത്തിരിവുണ്ടായിട്ടില്ലെന്നാണ് ലോക്ഭവന്റെ വിലയിരുത്തൽ. പരീക്ഷാക്രമക്കേടിൽ നൂറോളം പരാതികൾ വന്നെങ്കിലും ആസൂത്രണബോർഡ് പരീക്ഷാത്തട്ടിപ്പിൽ മാത്രമേ നിലവിൽ കേസെടുത്തിട്ടുള്ളൂ. മറ്റുപരാതികൾ പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ വിശദീകരണം.
ചരിത്രത്തിലാദ്യമായി പോലീസ് പി.എസ്.സി.യിലെ പരീക്ഷാവിഭാഗത്തിലെത്തി രേഖകളും പരിശോധിച്ചിരുന്നു. രാജ്യത്ത് പലേടത്തും പി.എസ്.സി.യിലെ ക്രമക്കേടുകളെച്ചൊല്ലി യുവാക്കൾ പ്രക്ഷോഭത്തിലാണ്. സമരങ്ങളെ ഇടതുപക്ഷം പിന്തുണയ്ക്കുന്നുമുണ്ട്. കേരളത്തിൽ നിലവിലെ പി.എസ്.സി. എൽ.ഡി.എഫ്. ഭരണകാലത്ത് നിയമിക്കപ്പെട്ടതാണ്.






























