തിരുവനന്തപുരം : പി.എസ്‍.സി ഉദ്യോഗാര്‍ഥികളുടെ പ്രശ്നം പരിഹരിക്കാന്‍ സമരക്കാര്‍ സര്‍ക്കാരിനെ സമീപിക്കണമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സമരകോലാഹലം നടത്തി സര്‍ക്കാരിനെ വീഴ്ത്താമെന്ന് കരുതരുത്. യുദ്ധത്തിന് പുറപ്പെട്ടാല്‍ അതിന് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങില്ലെന്നും കോടിയേരി പറഞ്ഞു. സെക്രട്ടറിയറ്റ് എംപ്ലോയീസ് യൂണിയന്‍ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.
പ്രശ്നങ്ങള്‍ തുറന്ന് ചര്‍ച്ച ചെയ്യാനുള്ള മനസ് സര്‍ക്കാരിനുണ്ട്. പ്രതിപക്ഷത്തിന്റെ കെണിയില്‍ വീഴാതെ ചര്‍ച്ചക്ക് ശ്രമിച്ചാല്‍ തീരാവുന്ന പ്രശ്നമേയുള്ളൂ. രാഷ്ട്രീയമായി സമരത്തെ ഉപയോഗിക്കുന്നവരുടെ കെണിയില്‍ വീഴാതിരിക്കുക. ഉദ്യോഗാര്‍ത്ഥികളുടെ സമരം യൂത്ത് കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്തു. ചൂഷണം ചെയ്ത് കേരളത്തെ കലാപ ഭൂമിയാക്കാനാണ് ശ്രമം. റാങ്ക് ലിസ്റ്റിലുള്ള എല്ലാവര്‍ക്കും ജോലി കിട്ടാറില്ലെന്നും കോടിയേരി പറഞ്ഞു.