തിരുവനന്തപുരം : ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയുമായി ബന്ധപ്പെട്ട് പി.എസ്.സി. ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി നിയമനം അട്ടിമറിച്ചെന്ന് ക്രൈംബ്രാഞ്ച്. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫായി നിയമനം കിട്ടിയ അരുൺ ജെ. പ്രതാപിന് ഒന്നാംറാങ്ക് ലഭിക്കാനായി മൂല്യനിർണയത്തിൽ തിരിമറിനടത്തിയതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. ഇടതുസംഘടനാ പ്രവർത്തകനാണ് അരുൺ ജെ. പ്രതാപ്. അദ്ദേഹത്തിന് ഒന്നാം റാങ്ക് കിട്ടുന്നതിനായി പരീക്ഷയെഴുതിയ മുഴുവൻ ഉദ്യോഗാർഥികളുടെയും പത്ത് ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെ വിട്ടു. ഇവ മൊത്തം 58 മാർക്കിനുള്ളതാണ്.
ഈ ഉത്തരങ്ങൾകൂടി മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ അരുൺ ജെ. പ്രതാപിന് റാങ്ക്പട്ടികയിൽ ഉൾപ്പെടാനാകില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. ഇവയിൽ നാല് ചോദ്യങ്ങൾ അദ്ദേഹം ഉത്തരമെഴുതാതെ വിട്ടു. ബാക്കിയുള്ള ആറെണ്ണത്തിന് വെറുതേ ഉത്തരമെഴുതുകയായിരുന്നു. അതുകൊണ്ടാണ് പി.എസ്.സി. ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന് എസ്.ഐ.ടി. സംശയിക്കുന്നത്. പത്ത് പേരുൾപ്പെടുന്നതാണ് പി.എസ്.സി. റാങ്ക്പട്ടിക. മൂല്യനിർണയത്തിന്റെ ചുമതലവഹിച്ച രണ്ട് ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവർ അഡീഷണൽ സെക്രട്ടറി, സെക്രട്ടറി തലങ്ങളിൽ ജോലിചെയ്തവരാണ്.
കൂടുതൽ ഉദ്യോഗസ്ഥർക്കോ പി.എസ്.സി. അംഗങ്ങൾക്കോ പങ്കുണ്ടോയെന്ന് വിശദപരിശോധനയിലൂടെമാത്രമേ കണ്ടെത്താനാകൂ. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്ക് ചേർത്താണ് റാങ്ക്പട്ടിക തയ്യാറാക്കിയത്. മാർക്ക് പട്ടിക ഇതുവരെ പി.എസ്.സി. പ്രസിദ്ധീകരിച്ചിട്ടില്ല. സി.പി.എം. പ്രതിനിധിയായ ചെയർമാനും മറ്റ് രണ്ട് അംഗങ്ങളും ഉൾപ്പെടുന്ന ബോർഡാണ് അഭിമുഖം നടത്തിയത്. ഇതിന്റെ രേഖകൾകൂടി പരിശോധിച്ചാലേ അന്വേഷണം പൂർത്തിയാവുകയുള്ളൂ. ഇതിനകം 90 പരാതികൾ എസ്.ഐ.ടി.ക്ക് ലഭിച്ചു. ഓരോന്നിലും വിശദമായ അന്വേഷണം നടത്തുന്നതിന് സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തേണ്ടതുണ്ട്.
അതിനുള്ള ശുപാർശയും ആഭ്യന്തരവകുപ്പ് പരിശോധിക്കുകയാണ്. സർക്കാരിന്റെ അനുമതികൂടി ലഭിച്ചശേഷമായിരിക്കും പി.എസ്.സി. ഉദ്യോഗസ്ഥരുടെ പേരുകൾ ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകുന്നത്. ഈ പരീക്ഷയുടെ മൂല്യനിർണയം ചോദ്യംചെയ്ത് അഞ്ചാം റാങ്കുകാരൻ വി.എസ്. ജയലാൽ നൽകിയ പരാതി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. മൂന്നാം റാങ്ക് ജേതാവ് കെ. ശ്യാംകൃഷ്ണൻ വിവരാവകാശ കമ്മിഷനിലും പരാതിനൽകിയിട്ടുണ്ട്.
































