തിരുവനന്തപുരം : പിഎസ് സി റാങ്ക് ലിറ്റ് റദ്ദായതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര കാരക്കോണം സ്വദേശി അനുവാണ് ആത്മഹത്യ ചെയ്തത്. ജോലി ഇല്ലാത്തതില്‍ മനോവിഷമം ഉണ്ടെന്ന ഇയാളുടെ ആത്മഹത്യാകുറിപ്പും കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ എക്‌സൈസ് ഓഫീസര്‍ തസ്തികയ്ക്ക് വേണ്ടിയുള്ള പിഎസ് സി റാങ്ക് ലിസ്റ്റില്‍ 77 ാ മത് ഉണ്ടായിരുന്ന ആളാണ് അനു.
ലിസ്റ്റ് കഴിഞ്ഞ ദിവസം ക്യാന്‍സല്‍ ചെയ്തിരുന്നു. ജോലി കിട്ടുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നതിനിടയിലാണ് റാങ്ക് ലിസ്റ്റ് ക്യാന്‍സല്‍ ചെയ്തത്. ഇതേ തുടര്‍ന്ന് ഇയാള്‍ കടുത്ത മനോവിഷമത്തില്‍ ആയിരുന്നെന്നും ഇനി താനെങ്ങനെ ആള്‍ക്കാരുടെ മുഖത്ത് നോക്കുമെന്നും യുവാവ് ആശങ്കപ്പെട്ടിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ഏതാനും ദിവസമായി ഇയാള്‍ വിഷാദത്തില്‍ ആയിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു. ഇരുട്ടത്തിരിക്കുക, ആഹാരം കഴിക്കാതിരിക്കുക, ആള്‍ക്കാരെ എങ്ങിനെ ഫേസ് ചെയ്യുക എന്ന ഭീതിയിലും ആയിരുന്നു.
കഴിഞ്ഞ ഏറെ നാളായി പിഎസ്സി റാങ്ക് ലിസ്റ്റ് നീക്കാന്‍ ആവശ്യം ഉയര്‍ന്നിരുന്നു. അനു ഉള്‍പ്പെട്ട തിരുവനന്തപുരം ജില്ലയിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത് ജൂണ്‍ 19 നായിരുന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റാങ്ക് ലിസ്റ്റില്‍ നിന്നും 150 ലധികം പേരെ എടുത്തപ്പോള്‍ ഇത്തവണ 70 ലധികം പേരെ മാത്രമേ എടുത്തുള്ളൂ എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്ന പരാതി.