പത്തനംതിട്ട : സർക്കാർ വകുപ്പുകളിലെ ഒഴിവുകളിൽ പി എസ് സി നിയമനം നടത്താതെ ആശ്രിത നിയമനങ്ങളും താൽക്കാലിക നിയമനങ്ങളും നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ആരോപിച്ചു.
ഒഴിവുകൾ പിഎസ് സിയ്ക്ക് റിപ്പോർട്ട് ചെയ്യാതിരിക്കുകയും താൽക്കാലിക നിയമനങ്ങളിലൂടെ ഡിവൈഎഫ്ഐ കാരെയും സിപിഎമ്മുകാരെയും സർക്കാർ സ്ഥാപനങ്ങളിൽ കുത്തിത്തിരുകുകയുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലും ഡ്രൈവർ തസ്തികകളിലും ടെക്നിക്കൽ വിഭാഗങ്ങളുമായി ധാരാളം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ കിടക്കുന്നു. പോലീസ് വകുപ്പിൽ വർഷത്തിൽ ഒരു നിയമനം പോലും നടത്താതെ നിരവധി ആശ്രിത നിയമനങ്ങൾ നടത്തിയിട്ടുണ്ട്. സർക്കാർ ജോലി എന്ന പാവപ്പെട്ട ഉദ്യോഗാർത്ഥികളുടെ സ്വപ്നത്തെ ഇല്ലാതാക്കുകയാണ് സർക്കാർ. ഈ ജൂൺ മാസത്തോടെ നിരവധി റാങ്ക് പട്ടികകളുടെ കാലാവധി അവസാനിച്ചു. കോവിഡ് മൂലം പരീക്ഷ നടത്താനുള്ള സാഹചര്യം ഇല്ലാതിരുന്നിട്ടു പോലും പട്ടിക നീട്ടാതെ സർക്കാർ കടുംപിടുത്തം പിടിക്കുന്നത് ഇത്തരത്തിലുള്ള അനധികൃത നിയമനങ്ങൾ നടത്താനാണെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.