തിരുവനന്തപുരം : പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് വീണ്ടും കൂട്ട സ്ഥിരപ്പെടുത്തല്‍. വിവിധ വകുപ്പുകളില്‍ പത്തുവര്‍ഷത്തിലധികം ജോലി ചെയ്യുന്ന 221 താത്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനിച്ചു. സ്കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37, കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷൻ- 14 , കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷൻ- 100 എന്നിങ്ങനെയാണ് സ്ഥിരപ്പെടുത്തൽ.
പി.എസ്.സി.ക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂവെന്നാണ് സര്‍ക്കാര്‍ വാദം. സ്‌കോള്‍ കേരളയില്‍ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ചില സാങ്കേതിക കാരണത്താല്‍ നേരെ മുഖ്യമന്ത്രി തിരിച്ചയച്ചിരുന്നു. നിയമവകുപ്പ് കണ്ട ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തുകയായിരുന്നു.
വയനാട് മെഡിക്കല്‍കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു.ഡി.സി., 17 എല്‍.ഡി.സി. ഉള്‍പ്പടെ 55 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 23 തസ്തികകള്‍ അസിസ്റ്റന്റിന്റേതാണ്.