പാലാ : പുരോഗമന കലാ – സാഹിത്യ സംഘം സ്ഥാപക ജനറല്‍ സെക്രട്ടറിയും എകെപിസിടിഎ ആദ്യകാല നേതാവുമായ പാലാ നെച്ചിപ്പുഴൂര്‍ ദര്‍ശനയില്‍ പ്രൊഫ.പി രവീന്ദ്രനാഥ് (79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ചയായി പാലാ മരിയന്‍ മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലായിരുന്നു. വെള്ളി പുലര്‍ച്ചെ 5.30 നായിരുന്നു അന്ത്യം. സംസ്കാരം ശനി പകല്‍ രണ്ടിന്ന് വീട്ടുവളപ്പില്‍. ദേശാഭിമാനി സ്റ്റഡി സര്‍ക്കിളിലൂടെ സാംസ്കാരിക പ്രവര്‍ത്തന രംഗത്ത് എത്തിയ രവീന്ദ്രനാഥ് സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു. ഇഎംഎസ് ഉള്‍പ്പെടെയുള്ള ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രവീന്ദ്രനാഥ് പുരോഗമന കലാസാഹിത്യ സംഘം രൂപീകരിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. പുകസ സംസ്ഥാന പ്രസിഡന്‍റായ വൈലോപ്പള്ളി ശ്രീധരമേനോനോടൊപ്പം സ്ഥാപക ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
അടിയന്തിരാവസ്ഥ കാലത്ത് ഉള്‍പ്പെടെ കമ്യൂണിസ്റ്റ് ആശയപ്രചാരണ രംഗത്ത് സജീവമായി നിലകൊണ്ടു.
സംസ്ഥാനത്താകെ പാര്‍ട്ടി ക്ലാസ് അധ്യാപകനായും നിരവധി കാലം പ്രവര്‍ത്തിച്ച രവീന്ദ്രനാഥ് മുന്‍ മുഖ്യമന്ത്രി ഇ കെ നായനാര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഡോ.തോമസ് ഐസക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കടക്കം പരിശീലനം നല്‍കി. ദേശാഭിമാനി കോട്ടയം യൂണിറ്റ് ആരംഭഘട്ടത്തില്‍ എഡിറ്റോറിയല്‍ രംഗത്ത് സജീവ പങ്കാളിയായി. കേരള, എംജി സര്‍വകലാശാലകളില്‍ സെനറ്റ് മെമ്പറായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ മെമ്പര്‍ ആയിരുന്നു. മാര്‍ക്സിയന്‍ അര്‍ത്ഥശാസ്ത്രം, കുട്ടികളുടെ അര്‍ത്ഥശാസ്ത്രം, ഒരു നോണ്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നീ ഗ്രന്ഥങ്ങളും, നിരവധി സാഹിത്യ – ചരിത്ര സംബന്ധമായ നിരവധി ലേഖനങ്ങളും വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നെടുമുടി മാത്തൂര്‍ കുടുംബാംഗമായ രവീന്ദ്രനാഥ് പന്തളം എന്‍എസ്‌എസ് കോളേജില്‍ ഇക്കണോമിക്സ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വിവിധ എന്‍എസ്‌എസ് കോളേജുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ച അദ്ദേഹം വാഴൂര്‍ എന്‍എസ്‌എസ് കോളേജ് എക്കണോമിക്സ് വിഭാഗം തലവനായാണ് വിരമിച്ചത്. കോളേജ് അധ്യാപക സംഘടന എകെപിസിറ്റിഎയുടെ സംസ്ഥാന പ്രസിഡന്‍റ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ – പി.ആര്‍ സരസമ്മ (റിട്ട.കോളേജ് അധ്യാപിക പ്രൊഫ. എന്‍എസ്‌എസ് കോളേജ്) നെച്ചിപ്പുഴൂര്‍ പുളിക്കോളില്‍ കുടുംബാംഗം. മക്കള്‍ : ആര്‍.രഘുനാഥ് (സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ യുഎസ്‌എ)ഡോ.സ്മിതപിള്ള (ശാസ്ത്രജ്ഞ യുഎസ്‌എ). മരുമകള്‍ : സ്വപ്നപിള്ള (യുഎസ്‌എ). സഹോദരങ്ങള്‍ : ഡോ.ജി.കെ പിള്ള (ഐആര്‍എസ്), പരേതനായ ഡോ.മോഹനന്‍പിള്ള (അധ്യാപകന്‍ സിഡിഎസ് തിരുവനന്തപുരം) അഡ്വ.ജയകുമാര്‍പിള്ള , പ്രസന്നകുമാരി, സുഷമകുമാരി.