പത്തനംതിട്ട ; പബ്ജി നിരോധനത്തില്‍ പ്രതിഷേധവുമായി യുവാക്കള്‍. പത്തനംതിട്ട ജില്ലയിലെ വായ്പുരിലാണ്
ഒരു കൂട്ടം പബ്ജി സ്നേഹികള്‍ പ്രതിഷേധ മുദ്രാവാക്യവുമായി പ്രകടനം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പ്രതിഷേധ പ്രകടനത്തിന്റെ വിഡിയോ.
തീപ്പൊരി മുദ്രാവാക്യങ്ങളുമായാണ് യുവാക്കള്‍ തെരുവില്‍ ഇറങ്ങിയത്. ചങ്കാണേ ചങ്കിടിപ്പാണേ പബ്ജി ഞങ്ങള്‍ക്കുയിരാണേ, ലോകം മുഴുവന്‍ പബ്ജി കളിക്കുമ്പോള്‍ ഇന്ത്യയില്‍ മാത്രം എന്തിന് നിരോധനം എന്നീ മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ട്. പബ്ജി നിരോധനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും സജീവമായിരുന്നു.
ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം കനത്തതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പബ്ജി ഉള്‍പ്പടെയുള്ള 118 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം കൊണ്ടുവന്നത്. കേന്ദ്ര ഐടി വകുപ്പിന്റേതാണ് തീരുമാനം. ഇന്ത്യയുടെ പരമാധികാരത്തിന് ഹാനികരമെന്ന് കണ്ടെത്തിയാണ് നടപടി. ഇതിന് മുന്‍പ് ടിക്ടോക്ക്, എക്സെന്റര്‍ ഉള്‍പ്പടെയുള്ള ആപ്പുകളും വിലക്കിയിരുന്നു.