മധുര: സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും കരട് രാഷ്ട്രീയ പ്രമേയത്തിലുമുള്ള പൊതു ചർച്ച ഇന്ന് ആരംഭിക്കും. കേരളത്തിൽനിന്ന് 6 പേരാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നത്. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായതുകൊണ്ട് പാർട്ടി ദുർബലപ്പെടരുതെന്ന് പ്രകാശ് കാരാട്ട് അവതരിപ്പിച്ച രാഷ്ട്രീയ അവലോകന റിപ്പോർട്ടിലുണ്ട്. രാജ്യത്തിൻറെ ഫെഡറൽ ഘടന എന്ന സെമിനാറിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം.സ്റ്റാലിൻ ഇന്ന് മധുരയിലെത്തും. 24-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയം നേരത്തെ തന്നെ പ്രസിദ്ധീകരിച്ചതാണ്.
ഇതിനുള്ള ഭേദഗതികൾ വിവിധ സംസ്ഥാനങ്ങൾ നൽകിയിട്ടുണ്ട്. രാഷ്ട്രീയ അവലോകന റിപ്പോർട്ടും രാഷ്ട്രീയ പ്രമേയ ഭേദഗതികളും പാർട്ടി കോൺഗ്രസിൽ പിബി കോഡിനേറ്റർ പ്രകാശ് കാരാട്ട് അവതരിപ്പിച്ചു. പാർട്ടി സ്വയം വളരണമെന്നാണ് രാഷ്ട്രീയ അവലോകന റിപ്പോർട്ടിൽ പറയുന്നത്. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായതുകൊണ്ട് പാർട്ടി ദുർബലപ്പെടരുത്. വിവിധ സംസ്ഥാനങ്ങളിൽ സംഘടനാശക്തി പാർട്ടി സ്വയം വർധിപ്പിക്കണമെന്നാണ് നിർദ്ദേശം.നരാഷ്ട്രീയ അവലോകന റിപ്പോർട്ടിലും കരട് രാഷ്ട്രീയ പ്രമേയത്തിനുമുള്ള ചർച്ച രാവിലെ ആരംഭിക്കും. വിവിധ സംസ്ഥാന കമ്മിറ്റികളുടെ ഗ്രൂപ്പ് ഡിസ്കഷൻ ഇന്നലെ പൂർത്തിയായി.
ചർച്ചയിൽ കേരളത്തിന് 46 മിനിട്ടാണ് അനുവദിച്ചിട്ടുള്ളത്. ആറു പേർ കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കെടുക്കും. കെ.കെ രാജേഷ് എം.ബി രാജേഷ്, ടി.എൻ സീമ , കെ അനിൽകുമാർ, ജേയ്ക്ക് സി തോമസ് അടക്കമുള്ളവരാണ് ചർച്ചയുടെ ഭാഗമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി സുധാകർ എന്നിവർ സെമിനാറിൽ പങ്കെടുക്കും. അടുത്ത ദിവസമാണ് സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുന്നത്. രണ്ട് റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്കും അഞ്ചാം തീയതി നേതൃത്വം മറുപടി നൽകും. ആറിനാണ് പുതിയ ജനറൽ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയേയും തെരഞ്ഞെടുക്കുന്നത്.