പത്തനംതിട്ട : ദേശീയ പോളിയോ നിര്‍മ്മാര്‍ജനത്തിന്റെ ഭാഗമായി നാളെ നടക്കുന്ന പള്‍സ് പോളിയോ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോന്നി എം.എല്‍.എ അഡ്വ.കെ.യു ജനീഷ് കുമാര്‍ നിര്‍വഹിക്കും. കോന്നി താലൂക്ക് ആശുപത്രിയില്‍ രാവിലെ എട്ടിന് നടക്കുന്ന ചടങ്ങില്‍ കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ അധ്യക്ഷത വഹിക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുളള 973 പോളിയോ ബൂത്തുകളില്‍ നിന്നും അഞ്ചുവയസു വരെ പ്രായമുളള കുട്ടികള്‍ക്കുളള വാക്‌സിന്‍ നല്‍കും. ഇതിനാവശ്യമായ വാക്‌സിനുകള്‍, ടാലി ഷീറ്റുകള്‍, മറ്റ് അനുബന്ധ സാധനങ്ങള്‍ തുടങ്ങിയവ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും എത്തിച്ചിട്ടുണ്ട്. രണ്ടായിരത്തോളം ബൂത്ത് വോളണ്ടറിയര്‍മാര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു.
ജില്ലയില്‍ അഞ്ചു വയസുവരെ പ്രായമുളള 71,622 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനാണു ലക്ഷ്യമിടുന്നത്. കൂടാതെ അതിഥി സംസ്ഥാന തൊഴിലാളികളുടെ 470 കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കും. ജില്ലയിലെ അഞ്ചുവയസുവരെയുളള എല്ലാ കുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ ലഭിച്ചുവെന്ന് ഉറപ്പു വരുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.
സര്‍ക്കാര്‍ ആശുപത്രികള്‍, സബ് സെന്ററുകള്‍, തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണു പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. ആദിവാസി മേഖലകള്‍, എത്തിചേരാന്‍ പ്രയാസമുളള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കായി 11 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.
പ്രധാനമായും കുഞ്ഞുങ്ങളെ ബാധിക്കുന്നതും അവരെ മരണത്തിലേക്കോ, സ്ഥിരമായ അംഗവൈകല്യത്തിലേക്കോ നയിക്കുന്നതുമായ ഒരു വൈറസ് രോഗമാണു പോളിയോ. ഇതിനു ഫലപ്രദമായ ചികിത്സയില്ല. പക്ഷേ 100 ശതമാനം ഫലപ്രദമായ പ്രതിരോധ ചികിത്സ ലഭ്യമാണ്. പോളിയോ തുളളി മരുന്നിനു പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല. നമ്മുടെ അയല്‍ രാജ്യങ്ങളായ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പോളിയോ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ ജനുവരി 19 ന് പള്‍സ് പോളിയോ പരിപാടി നടക്കുന്നത്.