ചെങ്ങന്നൂർ: രണ്ടര വയസുകാരന് പോളിയോ വാക്സിൻ നൽകാൻ തയ്യാറാകാതെ അംഗനവാടി വർക്കർ.
കുട്ടിയുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്ത്. പ്രയാർ പാണ്ടനാട് വടക്ക് മാധവി മന്ദിരത്തിൽ വിനീത – ദിലീപ് ദമ്പതികളുടെ രണ്ടര വയസുള്ള ദേവ തീർത്ഥിനാണ് അംഗനവാടി വർക്കർ വാക്സിൻ നിഷേധിച്ചത്.
ഇന്ന് രാവിലെ 8.15 ഓടെയാണ് വിനീത തന്റെ കുഞ്ഞുമായി പാണ്ടനാട് പഞ്ചായത്തിലെ 114-ാം നമ്പർ പ്രയാർ ജെ.ബി എസ് അംഗനവാടിയിൽ പോളിയോ വാക്സിൻ എടുക്കാൻ ചെന്നത്. ഇവരുടെ ഊഴമായപ്പോൾ
തന്റെ കുഞ്ഞിന് ഇവിടെ പോളിയോ വാക്സിൻ നൽകാൻ പറ്റില്ലന്നും നിങ്ങളുടെ അംഗനവാടിയിൽ അതിനുള്ള ക്രമീകരണമുണ്ടെന്നും അങ്ങോട്ടു പോകുവാനും നിർദ്ദേശിച്ചു കൊണ്ട് വളരെ മോശമായി അംഗനവാടി വർക്കർ സംസാരിച്ചുവെന്നും വിനീതയുടെ പരാതിയിൽ പറയുന്നു. തന്റെ കുഞ്ഞിനെ അയക്കുന്ന പ്രയാർ (അമ്പീരേത്ത് ) മുക്കിൽ പ്രവർത്തിക്കുന്ന അംഗനവാടിയിൽ പോകുവാൻ ദൂരം കൂടുതൽ ആയതു കാരണം ആണ് 114-ാം അംഗനവാടിയിൽ വിനീത കുഞ്ഞുമായി എത്തിയത്. മാത്രവുമല്ല മറ്റ് സ്ഥലങ്ങളിലുള്ള പലരും 114-ാം അംഗനവാടിയിൽ കുഞ്ഞുങ്ങളുമായി എത്തിയിരുന്നു. ഇതിനു മുൻപും ഇതുപോലെയുള്ള അനുഭവങ്ങൾ ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ടെന്ന്
വിനീത പറഞ്ഞു.
സംഭവമറിഞ്ഞ് സമീപവാസികളും വിനീതയുടെ ഭർത്താവ് ദിലീപും സ്ഥലത്തെത്തി. പിന്നീട് ഇരുവരും ചേർന്ന് മൂന്ന് കിലോമീറ്റർ ദൂരം താണ്ടി പാണ്ടനാട് തെക്ക് ഹെൽത്ത് സെന്ററിൽ നിന്നുമാണ് കുഞ്ഞിന് വാക്സിനേഷൻ നൽകിയത്. അഞ്ചു വയസു വരെ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ നൽകുവാനും ഈകുട്ടികൾക്ക് പോളിയോ വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പു വരുത്തണമെന്നും ജില്ലാ മെഡിക്കൽ അധികൃതർ അദ്യർത്ഥിച്ചിരുന്നു. കുട്ടികളുമായി എത്തിച്ചേരുവാൻ പ്രയാസമുള്ള മേഖലയിൽ മൊബൈൽ ബൂത്തുകളും സജ്ജമാക്കിയ സാഹചര്യത്തിലാണ് വിനീത – ദിലീപ് ദമ്പതികളുടെ മകന് ഈ ഗതി വന്നത്.
ദേശീയ പോളിയോ നിർമാർജനത്തിന്റെ ഭാഗമായി രാജ്യത്തെ ഏത് പോളിയോ ബൂത്തിൽ നിന്നും പോളിയോ വാക്സിൻ എടുക്കാമെന്നിരിക്കെ അംഗനവാടി വർക്കറിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ച് കുഞ്ഞിന്റെ മാതാവ് വിനീത ദിലീപ് -ഹെൽത്ത് ഇൻസ്പെക്ടർ , ഐസി ഡി എസ് ഓഫീസർ ചെങ്ങന്നൂർ, ആലപ്പുഴ ജില്ലാ മെഡിക്കൽ ആഫീസർ , ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകി. ഡോ :ചിത്രാ സാബു, പാണ്ടനാട് ഹെൽത്ത് അധികൃതർ, പി.എച്ച് എൻഎസ് ഷാഹിന, ജെ, എച്ച്, ഐ സുധീഷ്, ജെ.പി.എച്ച് എൻ ലോബി, ആശാ വർക്കർ ശ്രീകല എന്നിവർ വിനീത ദിലീപിന്റെ വീട് സന്ദർശിച്ചു.