കുമ്പഴ : പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പുനലൂര്‍ മുതല്‍ കുമ്പഴ വരെയുള്ള റോഡില്‍ നിത്യവും വാഹന അപകടം. കൂടല്‍ മുതല്‍ കുമ്പഴ വരെയുള്ള ഭാഗങ്ങളില്‍ അടിക്കടി അപകടം ഉണ്ടാകുമ്പോള്‍ അമിത വേഗത തന്നെയാണ് മിക്ക അപകടങ്ങള്‍ക്കും കാരണമെന്ന് റോഡു നിരത്ത് വിഭാഗം പറയുന്നു. കൂടല്‍, മുറിഞ്ഞകല്‍, എലിയറക്കല്‍, മാമ്മൂട്, ഇളകൊള്ളൂര്‍ ഭാഗങ്ങളിലാണ് മിക്ക ദിനവും അപകടം ഉണ്ടാകുന്നത്. ഈ അപകടങ്ങളില്‍ ഏതാനും ആളുകള്‍ മരണപ്പെടുകയും ചെയ്തു. ഇന്നലെ രാത്രിയിലും കോന്നി മാമ്മൂട്ടില്‍ ലോറിയും കാറും തമ്മില്‍ കൂട്ടിയിടിച്ചു.
ആയിരക്കണക്കിന് വാഹനങ്ങള്‍ ആണ് ഈ വഴി പോകുന്നത്. കൊട്ടാരക്കര, അടൂര്‍, തിരുവല്ല എം സി റോഡ് ഉപേക്ഷിച്ച് പത്തനാപുരം കോന്നി റാന്നി മൂവാറ്റുപുഴ റോഡിലൂടെ ആണ് എറണാകുളം തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് ആളുകള്‍ കൂടുതലായി പോകുന്നത്. റോഡ് പണികള്‍ കഴിഞ്ഞതോടെ സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് ഈ റോഡ് പലരും തിരഞ്ഞെടുക്കുന്നത്. വേഗത കുറച്ചു പോയാല്‍ ഈ റോഡിലെ അപകടം വളരെയേറെ കുറയ്ക്കാന്‍ സാധിക്കും. തേഞ്ഞ് ഒരു പരുവമായ ടയറുകള്‍ മാറ്റിയാലും അപകടങ്ങളുടെ തോത് കുറയ്ക്കാന്‍ സാധിക്കും.