റാന്നി: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാത നിർമാണ ഭാഗമായി പ്ലാച്ചേരി-കോന്നി റീച്ചിൽ പണിയുടെ മറവിൽ വൻതോതിൽ വയലും കരഭൂമിയും നികത്തുന്നതായി ആരോപണം. പ്ലാച്ചേരി മുതൽ കോന്നി വരെ 30.16 കിലോമീറ്റർ ദൂരമാണ് ഉന്നതനിലവാരത്തിൽ വികസിപ്പിക്കുന്നത്.
പെരുമ്പാവൂർ ആസ്ഥാനമായി ഇ.കെ.കെ കമ്പനി 274 കോടിക്ക് കരാറെടുത്താണ് നിർമാണം തുടങ്ങിയത്. നിർമാണ സാമഗ്രികൾ സൂക്ഷിക്കാനും റോഡുപണിക്ക് വേണ്ട ഓട, കലുങ്ക്, തുടങ്ങിയവയുടെ കോൺക്രിറ്റ് നിർമാണത്തിനുമായി പ്ലാൻറ് സ്ഥാപിക്കാൻ വലിയ കലുങ്കിനു സമീപം മൂന്നേക്കറോളം സ്ഥലം സ്വകാര്യ വ്യക്തിയിൽനിന്ന് കമ്പനി പാട്ടത്തിനെടുത്തിരുന്നു. ആദ്യംതന്നെ നിർമാണ കമ്പനി പാട്ടത്തിനെടുത്ത സ്ഥലത്തേക്ക് വാഹനങ്ങൾ പോകുവാൻ 200 മീറ്റർ ദൂരം വയൽ മണ്ണിട്ട് നികത്തി. റോഡിൻെറ കട്ടിങ് എടുക്കാൻ ഉപകരാർ എടുത്തവർ ഈ മണ്ണ് വയൽ നികത്താൻ വിൽക്കുന്നുണ്ട്.
സംഘത്തിന് രാഷ്ട്രീയ, ഉദ്യോഗസ്ഥ പിൻബലമുണ്ടെന്ന് ആരോപണം ഉയർന്നു. മൂന്നുവർഷമാണ് റോഡ് നിർമാണം പൂർത്തീകരിക്കാനുള്ള കാലാവധി. ചില സാങ്കേതിക കാരണത്താൽ സമയം നീണ്ടുപോയാൽ വയലിൽ മണ്ണ് കിടന്നാൽ കരഭൂമിയായി മാറും. പിന്നീട് മണ്ണ് നീക്കം ചെയ്താൽ ഭൂ ഉടമകൾക്ക് കോടതിയെ സമീപിക്കാൻ കഴിയും. സംസ്ഥാന പാതയിലെ വശങ്ങളിൽനിന്നെടുക്കുന്ന മണ്ണ് റോഡിൻെറ സമീപത്ത് താഴ്ചയുള്ള സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളും താഴ്ന്ന ഭൂമി ഉയർത്തുന്നതിനും ഉപയോഗിക്കുന്നുണ്ട്. മൂന്നുമാസം മുമ്പ് ഉതിമൂട്ടിൽ സ്വകാര്യ ഭൂമി അനുവാദം ഇല്ലാതെ നികത്തിയതായി പരാതി ഉയർന്നപ്പോൾ കമ്പനിയുടെ പ്ലാൻറ് നിർമാണത്തിനായി ഉപയോഗിച്ചതായി തെറ്റദ്ധരിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു.