കോന്നി : പുനലൂർ-മൂവാറ്റുപുഴ റോഡിന്റെ കോന്നി – പുനലൂർ റീച്ചിൽ കലഞ്ഞൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഭാഗത്തിൻ്റെ നിർമ്മാണപുരോഗതി വിലയിരുത്താൻ അഡ്വ.ക. യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. മുറിഞ്ഞകൽ എസ്.എൻ.ഡി.പി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളും, കലഞ്ഞൂർ പഞ്ചായത്ത് അധികൃതരും,കെ എസ് ടി പി , കരാർ കമ്പനി ഉദ്യോഗസ്ഥരും പങ്കെടുത്തു.
പൊതു ജനങ്ങളും, ജന പ്രതിനിധികളും എം.എൽ.എയെ അറിയിച്ച പരാതികൾ യോഗത്തിൽ ചർച്ചയായി. യോഗത്തിൽ താഴെ പറയുന്ന തീരുമാനങ്ങൾ എടുത്തു.
താന്നിമൂട് മുതൽ മുറിഞ്ഞകൽ ജംഗ്ഷൻ വരെയുള്ള ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ റോഡ് ഒരു മീറ്റർ ഉയർത്തും. കൂടൽ ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ കൂടൽ മുതൽ ഗുരു മന്ദിരം ഭാഗം വരെ റോഡ് ഒരു മീറ്ററിൽ കൂടുതൽ ഉയർത്തും. കലഞ്ഞൂർ ജംഗ്ഷൻ മുതൽ സ്കൂൾ ജംഗ്ഷൻ വരെ റോഡ് ആനുപതികമായി ഉയർത്തും.
മുറിഞ്ഞകൽ എസ് ഡി പി യ്ക്കു സമീപമുള്ള പഞ്ചായത്ത് റോഡിൽ പൈപ്പ് കൽവെർട് നിർമ്മിച്ച് വെള്ളക്കെട്ട് ഒഴിവാക്കും. മുറിഞ്ഞകൽ ജംഗ്ഷനിലെ കലുങ്ക് വെള്ളക്കെട്ട് ഉണ്ടാകാത്ത തരത്തിൽ നിർമ്മിക്കും.
ഇഞ്ചപ്പാറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ റോഡ് നിർമാണം മൂലം പൊളിച്ചു മാറ്റേണ്ടി വന്നത് പുനർ നിർമ്മിക്കാൻ പഞ്ചായത്ത് എസ്റ്റിമേറ്റ് തയ്യാറാക്കി കെ എസ് ടി പി ക്കു നൽകാൻ തീരുമാനിച്ചു. പഞ്ചായത്ത് അസി.എഞ്ചിനീയറെ ചുമതലപ്പെടുത്തി. ആനയടി -കൂടൽ റോഡും സംസ്‌ഥാന പാതയും തമ്മിൽ ചേരുന്ന നെടുമൺകാവ് ജംഗ്ഷനിൽ ഹൈവേയുടെ ഉയരത്തിനു ആനുപാതികമായ തരത്തിൽ നിർമാണം നടത്തും.
നെടുമൺകാവ് മുതൽ അമ്പലപ്പടി വരെയുള്ള തോടിനു മുകളിൽ സ്ലാബ് നിർമ്മിച്ച് നടപ്പാതയാക്കും. ഇഞ്ചപ്പാറ പെട്രോൾ പമ്പിന്റെ മുന്നിലുള്ള തടസം മൂലം കൃഷിയിടങ്ങളിലേക്ക് വെള്ളം ഇറങ്ങുന്നത് തടയാൻ നിലവിലുള്ള പൈപ്പ് മാറ്റി ഉയർന്ന സ്ലാബ് നിർമ്മിച്ച് പരിഹരിക്കും.
മുറിഞ്ഞകൽ സ്കൂൾ, കലഞ്ഞൂർ സ്കൂൾ എന്നിവിടങ്ങളിൽ നടപ്പാതയ്ക്ക് കൈവരി നിർമ്മിക്കും. കൂടൽ,കലഞ്ഞൂർ ജംഗ്ഷനുകൾ ഇരു സൈഡിലും ബസ് ബേ നിർമ്മിക്കും. മുറിഞ്ഞകൽ നെടുമൺകാവ് ഭാഗങ്ങളിൽ ബസ് ബേ, ബസ് ഷെൽട്ടർ തുടങ്ങിയവ നിർമ്മിക്കും.
കലഞ്ഞൂർ സ്കൂളിന്റെ മതിൽ പുനർ നിർമ്മിക്കും. റോഡിന്റെ വീതി കുറവ് പരാതിയായി വന്ന ഭാഗങ്ങളിൽ വീണ്ടും സർവേയർമാരെ ഉപയോഗിച്ച് സർവ്വേ നടത്തി ഏറ്റെടുത്ത മുഴുവൻ സ്‌ഥലവും റോഡിനായി ഉപയോഗിക്കും.
നിർമാണ പുരോഗതി ഓരോ പതിനഞ്ചു ദിവസം കൂടുംമ്പോഴും വിലയിരുത്താൻ പഞ്ചായത്തിന് നിർദേശം നൽകി.
ഇതിനായി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധി കൾ,പഞ്ചായത്ത് പ്രസിഡന്റ്,പഞ്ചായത്ത് അംഗങ്ങൾ കെ എസ് ടി പി ഉദ്യോഗസ്ഥർ, കരാർ കമ്പനി ഉദ്യോഗസ്ഥർ എന്നിവരുടെ കമ്മിറ്റി രൂപീകരിച്ചു. നിർമാണം നടക്കുമ്പോൾ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിച്ചു വേഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ എം എൽ എ നിർദേശം നൽകി.
യോഗത്തിൽ എം എൽ എ യോടൊപ്പം കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, കെ. എസ്.ടി.പി. എക്സികുട്ടീവ് എൻജിനീയർ ജാസ്മിൻ, ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി പ്രൊജക്റ്റ് മാനേജർ ബിജു മാത്യു, സിപിഎം നേതാക്കളായ കെ ചന്ദ്ര ബോസ്, ഉന്മേഷ്, കോൺഗ്രസ് നേതാക്കളായ എസ് പി സജൻ,മനോജ് മുറിഞ്ഞകൽ, ബി ജെ പി പ്രതിനിധി വിജയൻ,ഹൈവേ കടന്നു പോകുന്ന പഞ്ചായത്ത് അങ്ങഗളായ മെഴ്‌സി ജോബി, ആശ സജി, ഡാനിയേൽ, അജിത സജി, സുഭാഷിണി, അരുൺ പി എസ്,കെ എസ് ടി പി അസി. എൻജിനീയർ
എം.ജെ.ഷൈബി, കൺസൾട്ടിങ് എൻജിനീയർ ജെ.സോജൻ, ആർ ഡി എസ് എൻജിനീയർ മെൽവിൻ മാത്യു ജോസ് തുടങ്ങിയർ പങ്കെടുത്തു.