പുനെ: കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പുനെ ജില്ലയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഈ മാസം അവസാനം വരെ സ്കൂളുകളും കോളജുകളും അടച്ചിടും. കര്‍ഫ്യൂ ഉള്‍പ്പെടെ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
മഹാരാഷ്ട്രയില്‍ ഒരിടവേളക്ക് ശേഷം കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. പുനെ ജില്ലയില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 10 ആണ്. രണ്ടാഴ്ച മുമ്പ് ഇത് അഞ്ച് ശതമാനമായിരുന്നു. അതിവേഗമുള്ള രോഗപ്പകര്‍ച്ച പ്രതിരോധിക്കാനാണ് നിയന്ത്രണമെന്ന് പുനെ ഡിവിഷനല്‍ കമീഷണര്‍ സൗരഭ് റാവു പറഞ്ഞു.
ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സമയപരിധി രാത്രി 11 മണി വരെയാക്കി. വിവാഹങ്ങള്‍ക്ക് പോലീസിന്റെ മുന്‍കൂര്‍ അനുമതി വേണം. രാഷ്ട്രീയ-മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
മുംബൈ നഗരത്തിലും കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തി. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ വീണ്ടും ലോക്ഡൗണ്‍ നേരിടാന്‍ തയാറാകൂവെന്നാണ് മുംബൈ മേയര്‍ ജനങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്.
കോവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നു നില്‍ക്കുന്ന മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഫലപ്രദമായ നിയന്ത്രണ മാര്‍ഗം സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര നിര്‍ദേശമുണ്ട്.