അമൃത്സര്‍ : പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിദ്ദുവിന്‍റെ ഉപദേശകന്‍ മാല്‍വീന്ദര്‍ സിങ് മാലി സ്ഥാനം ഒഴിഞ്ഞു. വിവാദ പ്രസ്താവന നടത്തിയ സിദ്ദുവിന്‍റെ ഉപദേശകരെ മാറ്റുമെന്ന് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വയം പിന്മാറ്റം. ജമ്മു കശ്മീര്‍, പാകിസ്താന് വിഷയങ്ങളില്‍ സിദ്ദുവിന്‍റെ ഉപദേശകരുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലായിരുന്നു റാവത്തിന്‍റെ പ്രതികരണം. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മാല്‍വീന്ദറിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വലിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.
മാല്‍വീന്ദര്‍ സിങ് മാലിക്ക് പുറമെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന പ്യാരെ ലാല്‍ ഗാര്‍ഗിനെയും മാറ്റണമെന്ന് സിദ്ദുവിനോട് ഹരീഷ് റാവത്ത് നിര്‍ദേശിച്ചിരുന്നു. സിദ്ദുവിന്‍റെ അനുയായികളുടെ പരാമര്‍ശത്തെ ക്രൂരം, ദേശവിരുദ്ധം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ് അമരീന്ദര്‍ സിങ് നേരിട്ടത്.
കൂടാതെ വിവാദ വിഷയങ്ങളില്‍ സംസാരിക്കാതിരിക്കാന്‍ സിദ്ദു ഉപദേശകരോട് നിര്‍ദേശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 2022 ലെ പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ മുന്‍നിര്‍ത്തിയാകും കോണ്‍ഗ്രസിന്‍റെ മത്സരം. എന്നാല്‍ മന്ത്രിസഭയില്‍നിന്ന് തന്നെ വിമത നേതാക്കളുണ്ടാകുന്നത് കോണ്‍ഗ്രസിന് തലവേദനയായിട്ടുണ്ട്.