ന്യൂഡല്‍ഹി: കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രെയിന്‍ ഇന്ന് പുറപ്പെടും. തമിഴ്നാട് വഴി തിരുവനന്തപുരം വരെയുള്ള ട്രെയിന്‍ ചൊവ്വാഴ്ച രാത്രി 11 മണിക്ക് ജലന്ധറില്‍ നിന്നാണ് പുറപ്പെടുന്നത്. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തും. എറണാകുളത്ത് ട്രെയിനിന് സ്റ്റോപ്പുണ്ട്.
നാട്ടിലേക്ക് പോകാന്‍ വിദ്യാര്‍ഥികള്‍ അടക്കം 1132 മലയാളികളാണ് പഞ്ചാബ് സര്‍ക്കാര്‍ തയാറാക്കിയ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12ാം തിയതി ജലന്ധറില്‍ നിന്നും പുറപ്പെട്ട് 14ാം തിയതി എറണാകുളത്ത് എത്താനായിരുന്നു നേരത്തെ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട് മെയ് അഞ്ച്, ഏഴ്, പത്ത് തിയതികളിലായി മൂന്ന് കത്തുകള്‍ പഞ്ചാബ് സര്‍ക്കാര്‍ അയച്ചെങ്കിലും കേരളം മറുപടി നല്‍കിയിരുന്നില്ല. ഒടുവില്‍ വാര്‍ത്തകള്‍ പുറത്തുവരികയും വിവാദമാവുകയും ചെയ്തതോടെ 14ാം തിയതി രാത്രിയാണ് കേരളം മറുപടി കത്ത് നല്‍കിയത്.