ആലപ്പുഴ: എന്‍ഡിഎ സ്ഥാനാര്‍ഥി സന്ദീപ് വചസ്പതി പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത് വലിയ വിവാദവും കോളിളക്കവും സൃഷ്ടിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം രക്തസാക്ഷി മണ്ഡപത്തിന്റെ ഗേറ്റ് താഴിട്ടു പൂട്ടിയിരുന്നു. ഇപ്പോള്‍ എഐവൈഎഫ് കൊടിയും പിടിച്ചു ചിലര്‍ രക്തസാക്ഷി മണ്ഡപം ശുദ്ധിയാക്കുന്നതിന്റെ വീഡിയോ വൈറലാണ്.
കൂടാതെ ഒരു യുവാവ് ഒരു ബക്കറ്റില്‍ ചാണക വെള്ളം തളിക്കുന്നതും കാണാം. എന്നാല്‍ ഇത് ചാണക വെള്ളമാണോ അതോ പുണ്യാഹമാണോ എന്നും സോഷ്യല്‍ മീഡിയ സംശയം പ്രകടിപ്പിക്കുന്നുണ്ട്. നിരവധി ട്രോളുകളാണ് ഈ വീഡിയോ ഷെയര്‍ ചെയ്തു കൊണ്ട് ബിജെപി അനുഭാവികള്‍ പങ്കുവെക്കുന്നത്.
‘ആചാര ലംഘനം’ ഉണ്ടായപ്പോള്‍ ‘നടയടച്ചു ശുദ്ധികലശം’ നടത്തിയെന്നാണ് പലരും പരിഹസിക്കുന്നത്. ശബരിമലയില്‍ യുവതീ പ്രവേശനമുണ്ടായപ്പോള്‍ നടത്തിയതുപോലെ സമാനമായ രീതിയാണ് കമ്യൂണിസ്റ്റുകളും അവലംബിക്കുന്നതെന്നാണ് പരിഹാസം.