തിരുവനന്തപുരം : പി.ഡി.പി വിട്ട് ഐ എന്‍ എല്ലില്‍ ചേര്‍ന്ന് രണ്ട് മാസത്തിനകം തന്നെ പി.ഡി.പിയിലേക്ക് മടങ്ങി പൂന്തുറ സിറാജ്. സി.പി.എമ്മിന്റെ നിലപാടുകളോടും നയങ്ങളോടമുള്ള വിയോജിപ്പിനെ തുടര്‍ന്നാണ് മാതൃസംഘടനയിലേക്ക് സിറാജിന്റെ മടക്കം. പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയുടെ മുഖവും ശബ്ദവും ഇഷ്ടമില്ലാത്ത സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഐ എന്‍ എല്‍ വിട്ടതെന്ന് പൂന്തുറ സിറാജ് പ്രതികരിച്ചു. എന്നാല്‍ ഐ.എന്‍.എല്ലില്‍ ചേര്‍ന്ന ഉടന്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ പൂന്തുറ സിറാജ് ശ്രമിച്ചിരുന്നു. ഇത് നടക്കാത്തതിനെ തുടര്‍ന്നാണ് മടക്കമെന്നാണ് ഐ.എന്‍.എല്‍ നേതാക്കള്‍ പറയുന്നത്.
പി.ഡി.പിയുടെ വര്‍ക്കിംഗ് പ്രസിഡണ്ടായിരുന്ന സിറാജ് 2019ലെ സംഘടന തെരഞ്ഞെടുപ്പില്‍ തഴയപ്പെട്ടിരുന്നു. തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി ഐ.എന്‍.എല്ലില്‍ ചേരുകയായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മാണിക്യവിളാകം വാര്‍ഡില്‍ സിറാജിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഐ.എന്‍.എല്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ മുന്നണിയില്‍ വന്ന ഉടന്‍ സീറ്റ് നല്‍കുന്നതില്‍ സി പി എം വിയോജിച്ചതോടെ ഇത് നടന്നില്ല. ഇതാണ് വീണ്ടും പാര്‍ട്ടി മാറാന്‍ സിറാജിനെ പ്രേരിപ്പിച്ചത്.