മല്ലപ്പള്ളി : പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങൽ പഞ്ചായത്തിനെയും കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിനെയും ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെ നിർമ്മിക്കുന്ന പുത്തൂർക്കടവ് – മറ്റക്കാട്ടുകടവ് പാലത്തിന്റെ പൈലിങ് നടത്തുന്നതിന് പാറയുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പരിശോധന പൂർത്തിയായി. കഴിഞ്ഞ ദിവസമാണ് പരിശോധന പൂർത്തിയാക്കിയത്. കോട്ടാങ്ങൽ കരയിൽ ഒരിടത്തും വെള്ളാവൂർ കരയിൽ ആറ്റിൽ രണ്ടിടത്തുമാണ് പാറ സാന്നിധ്യ പരിശോധന നടത്തിയത്. അഞ്ച് ഇടങ്ങളിൽ 10 മുതൽ 17 മീറ്റർ വരെ യാണ് തുരന്നത്. 17 മീറ്ററും ആറ്റിൽ 10 മീറ്റർ താഴ്ചയിലും തുരന്നാണ് പാറ കണ്ടെത്തിയത്.
കഴിഞ്ഞ 23 ന് ആണ് ജോലികൾ ആരംഭിച്ചത്. സംസ്ഥാന ഗ്രാമ വികസന വകുപ്പാണ് പാലം നിർമ്മിക്കുന്നത്. 102 മീറ്റർ നീളവും 8.4 മീറ്റർ വിതിയുമുള്ള പാലത്തിന് നാല് സ്പാനുകളാണ് ഉള്ളത്. 8 കോടി രൂപമാണ് നിർമ്മാണ ചെലവ് പ്രതിക്ഷിക്കുന്നത്. 60% തുക കേന്ദ സർക്കാരും 40% സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. ഗ്രാമവികസന വകുപ്പ് പ്രോഗ്രാം ഇപ്ലിമെന്റേഷൻ യൂനിറ്റ് അസി.എൻജിനിയർ ജിത് ജോസഫ്, എക്സിക്യൂട്ടിവ് എൻജിനിയർ സുമ പി സുരേന്ദ്രൻ, ഓവർസിയർ ബി.ചിഞ്ചുമോൾ എന്നിവരുടെ നേതൃത്വത്തിലാണ് നിർമ്മാണം.