ചെന്നൈ : ബധിരയായ 11വയസ്സുകാരിയെ ഏഴുമാസത്തോളം പീഡിപ്പിച്ച സംഭവത്തിലെ പ്രതി ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്തു. മരണംവരെ തടവിന് ശിക്ഷിക്കപ്പെട്ടിരുന്ന എന്‍. പളനിയാണ് (40) ആണ് ജയിലിനുള്ളില്‍ ജീവനൊടുക്കിയത്.
പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി ബുധനാഴ്ച ഉച്ചയ്ക്ക് സെല്ലില്‍ നിന്ന് ശൗചാലയത്തില്‍ പോയി ഏറെനേരമായിട്ടും പുറത്തുകാണാതിരുന്നതോടെ നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ ജയില്‍ ജീവനക്കാര്‍ കണ്ടത്. ഇയാളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി.
കുറച്ചുനാളായി ഇയാള്‍ വിഷാദത്തിനടിമപ്പെട്ടിരുന്നതായി പറയപ്പെടുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏറെ ചര്‍ച്ചയായ അയനാവരം പീഡനക്കേസില്‍ 15 പ്രതികള്‍ക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്‌പെഷ്യല്‍ കോടതി ശിക്ഷവിധിച്ചത്. പളനിയുള്‍പ്പെടെ നാലുപേരെ മരണം വരെ തടവിനാണ് ശിക്ഷിച്ചത്. മുഖ്യപ്രതിയും അപ്പാര്‍ട്ട്മെന്റിലെ ലിഫ്റ്റ് ഓപ്പറേറ്ററുമായിരുന്ന രവികുമാര്‍ (56), പ്ലംബര്‍ സുരേഷ് (32), അഭിഷേക് (25) എന്നിവരാണ് ഇതേ ശിക്ഷയനുഭവിക്കുന്ന മറ്റുള്ളവര്‍. 2018 ജനുവരി മുതല്‍ ജൂലായ് വരെയാണ് പലര്‍ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.