മലപ്പുറം : നിയമസഭ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചിട്ടും വിദേശവാസം വിടാതെ നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ബിസിനസ്സുമായി ബന്ധപ്പെട്ട് വിദേശത്താണ് എം.എല്‍.എ. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ അദ്ദേഹം ഉടനെ നാട്ടിലെത്തുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. എതിരാളികള്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ക്ക് ഇതുവരെ വിദേശത്തുനിന്ന് തന്നെ മറുപടി നല്‍കുകയാണ് എം.എല്‍.എ. ചെയ്തത്. നിലമ്പൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി അദ്ദേഹം നിരന്തരം ബന്ധപ്പെട്ടു വരുന്നതായി സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എം. മോഹന്‍ദാസ് പറഞ്ഞു. മാര്‍ച്ച് ആദ്യവാരംതന്നെ അന്‍വര്‍ എം.എല്‍.എ. നാട്ടിലെത്തുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സി.പി.എം. സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിച്ച് ജയിച്ച പി.വി. അന്‍വര്‍ തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് വിദേശത്തേക്ക് പോയത്. കോണ്‍ഗ്രസ്സിലെ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചാണ് നിലമ്പൂര്‍ നിയമസഭാ സീറ്റ് അന്‍വര്‍ പിടിച്ചെടുത്തത്. 87 മുതല്‍ 2011 വരെ കാല്‍ നൂറ്റാണ്ട് കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് തുടര്‍ച്ചയായി ജയിച്ചു വന്ന മണ്ഡലത്തിലെ തോല്‍വി പാര്‍ട്ടിയെ ഞെട്ടിക്കുന്നതായിരുന്നു. ഇത്തവണ മണ്ഡലം പിടിച്ചെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് യു.ഡി.എഫ്. അതുകൊണ്ടുതന്നെ അന്‍വറിനെതിരേ കിട്ടാവുന്ന എല്ലാ ആയുധങ്ങളും കോണ്‍ഗ്രസ് പ്രയോഗിക്കുന്നുമുണ്ട്.
രണ്ടുമാസത്തിലേറെയായി മണ്ഡലത്തിലില്ലാത്ത എം.എല്‍.എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കുക പോലുമുണ്ടായി.
എന്നാല്‍ താന്‍ സിയറാ ലിയോണില്‍ സ്വതന്ത്രനാണെന്നും ബിസിനസ്സാവശ്യാര്‍ത്ഥം എത്തിയതാണെന്നും കാണിച്ച് എം.എല്‍.എ. സമൂഹമാധ്യമങ്ങളില്‍ വീഡിയോ സന്ദേശം അയച്ചതോടെ വിവാദം തത്കാലം അടങ്ങി. അടുത്ത ആഴ്ചതന്നെ പി.വി. അന്‍വര്‍ സ്ഥലത്തെത്തുമെന്നാണ് എം.എല്‍.എയുമായി അടുത്ത് ബന്ധമുള്ളവര്‍ പറയുന്നത്.