മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് പി.വി അൻവർ. യുഡിഎഫുമായുള്ള ചര്‍ച്ചയില്‍ വ്യക്തത വന്നിട്ടില്ലെന്നും വ്യക്തതക്കായി കാത്തിരിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. ശത്രുവിനൊപ്പമാണ് ഇപ്പോഴും ചിലരെന്നും അതാരെന്ന് ജനം പിന്നീട് തിരിച്ചറിയുമെന്നും അൻവർ കൂട്ടിച്ചേർത്തു. ചിലർ പിണറായിസം മാറ്റി നിർത്തി മറ്റ് ഗൂഢ താൽപര്യം സംരക്ഷിക്കുന്നു. ജനങ്ങളെ കണ്ടാണ് താൻ ഇറങ്ങി വന്നത്. മനുഷ്യരിൽ ആണ് തൻ്റെ പ്രതീക്ഷ. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആശയം ഉൾക്കൊണ്ടാണ് താൻ അതിനോട് സഹകരിച്ചത്. തൊഴിലാളികൾക്ക് ഒപ്പം നിൽക്കുന്ന പാർട്ടിയായിരുന്നു അത്. സെക്കുലർ നിലപാട് എടുത്തതിൻ്റെ പേരിൽ ഒരുപാട് പീഡനങ്ങൾ താൻ അനുഭവിച്ചു.
മലപ്പുറത്ത് നിരപരാധികളെ കേസിൽ കുടുക്കി എഫ്ഐആർ എണ്ണം വർധിപ്പിച്ചു. ലക്ഷക്കണക്കിന് ചെറുപ്പക്കാർക്ക് പാസ്പോർട്ട് എടുക്കാൻ പോലും പ്രയാസമുണ്ടായി. ഇതിൻ്റെ ബുദ്ധിമുട്ടുകളും അവർ നേരിട്ടു. ഇടപെടണം എന്ന് താൻ നിരവധി തവണ ആവശ്യപ്പെട്ടെന്നും അൻവർ പറഞ്ഞു. ‘യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് ആരായാലും അംഗീകരിക്കും എന്ന് ഞാൻ പറഞ്ഞു. എന്നാൽ അഞ്ച് മാസമായി യുഡിഎഫിൻ്റെ വാലിൽ കെട്ടി നടത്തുന്നു. ഞാൻ അങ്ങോട്ട് സമീപിച്ചിതല്ല. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതാണ് നിങ്ങൾ ഒപ്പം കൂടണം എന്ന്. കുഞ്ഞാലിക്കുട്ടി ഇപ്പോഴും തന്നെ കൂടെ കൂട്ടാൻ ശ്രമിക്കുന്നു.
എന്നാൽ പാണക്കാട് തങ്ങൾ അടക്കം ഇടപെട്ടിട്ട് നടക്കുന്നില്ല. ഷൗക്കത്തിനെ പറ്റില്ല എന്ന് പറയാൻ കാരണങ്ങൾ ഉണ്ട്. ആരെ നിർത്തിയാലും താൻ അംഗീകരിക്കും. താൻ യുഡിഎഫിൻ്റെ ഭാഗം ആയിരുന്നെങ്കിൽ. പക്ഷേ താൻ കൂടെ നിന്നിട്ടും യുഡിഎഫ് തോറ്റാൽ എന്തുണ്ടാകും. താൻ ഉയർത്തിയ രാഷ്ട്രീയം ഇല്ലാതെ ആകില്ലേ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും’- പി.വി അൻവർ പറഞ്ഞു.ആര്യാടൻ ഷൗക്കത്തിനെതിരായ പരാമർശം അൻവർ പിൻവലിക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ആര്യാടൻ ഷൗക്കത്തിനെ പിന്തുണച്ചാൽ അൻവറിനെ യുഡിഎഫിൻ്റെ അസോസിയേറ്റ് മെമ്പറാക്കമെന്നും യുഡിഎഫ് വ്യക്തമാക്കിയിരുന്നു.