കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ബംഗാളിലെ ഐ.ടി വകുപ്പിനും തലവേദനയാകുന്നു. കേരളത്തില്‍ സ്വപ്‌നയുടെ നിയമനത്തിലൂടെ വിവാദമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ബംഗാള്‍ സര്‍ക്കാരിന്റെ ടെന്‍ഡറില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് ബംഗാള്‍ ഐ.ടി വകുപ്പിനും സ്വപ്‌ന തലവേദനയാകുന്നത്.
ബംഗാള്‍ ഐ.ടി വകുപ്പിന് കീഴിലുള്ള വെസ്റ്റ് ബംഗാള്‍ ഇലക്‌ട്രോണിക്‌സ് ഇന്‍ഡസ്ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മോണിറ്ററിങ് യൂണിറ്റിന്റെ ടെന്‍ഡറിലാണ് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് പങ്കെടുത്തത്. ഇതിനിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും നല്‍കണമെന്ന് ബംഗാള്‍ ഐ.ടി വകുപ്പ് കേരള സര്‍ക്കാരിന് കത്തയച്ചു. സര്‍ക്കാരിന് തിരിച്ചടിയുണ്ടാക്കുന്ന തരത്തിലുള്ള വിവാദങ്ങള്‍ ഒഴിവാക്കാനും ടെന്‍ഡര്‍ കുറ്റമറ്റതാക്കാനുമാണ് കത്തയച്ചതെന്നാണ് ബംഗാള്‍ ഐ.ടി വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.
സ്വപ്‌നയുടെ നിയമനം വിവാദമായതോടെ കേരള സര്‍ക്കാര്‍ ഐ.ടി വകുപ്പിലെ എല്ലാ പദ്ധതികളില്‍ നിന്നും പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ രണ്ട് വര്‍ഷത്തേക്ക് വിലക്കിയിരുന്നു. കണ്‍സല്‍റ്റന്‍സിക്ക് കേരളത്തിലുള്ള വിലക്ക് മറ്റ് സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. കേരളത്തിന്റെ വിലക്കിനെതിരെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് ഐ.ടി വകുപ്പ് ബംഗാള്‍ സര്‍ക്കാരിന് മറുപടി നല്‍കി.