മലപ്പുറം : ലോക്ഡൗണ്‍മൂലം തടസ്സപ്പെട്ട നിര്‍മാണപ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ചെയ്തുവരുന്നതിനിടെ പൊതുമരാമത്ത് വകുപ്പിലെ 71 എന്‍ജിനീയര്‍മാര്‍ക്ക് കൂട്ട ഡെപ്യൂട്ടേഷന്. കാസര്‍കോട്, പാലക്കാട് അടക്കമുള്ള ജില്ലയിലുള്ളവരോടാണ് ഒറ്റ ദിവസംകൊണ്ട് തിരുവനന്തപുരത്തെത്താന്‍ നിര്‍ദേശിച്ച് ഉത്തരവിറക്കിയത്. പുതുതായി രൂപവത്കരിച്ച കേരള റോഡ് ഫണ്ട് ബോര്‍ഡിലെ (കെ.ആര്.എഫ്.ബി) പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിക്കാനാണ് തിരുവനന്തപുരത്തെ ഓഫിസിലെത്താന്‍ ആവശ്യപ്പെട്ടത്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഒപ്പുവെച്ച ഉത്തരവ് നവംബര്‍ മൂന്നിനാണ് ഇറങ്ങിയത്.
തൊട്ടടുത്ത ദിവസമായ ബുധനാഴ്ചതന്നെ തലസ്ഥാനത്തെ ഓഫിസില്‍ ഹാജരാവണമെന്നായിരുന്നു നിര്‍ദേശം. സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഒന്ന്, എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ 10, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ 30, അസി. എന്‍ജിനീയര്‍ 30 എന്നിങ്ങനെയാണ് മാറ്റം ലഭിച്ചവരുടെ എണ്ണം. സര്‍വിസ് നിയമങ്ങള്‍ പ്രകാരം ഉദ്യോഗസ്ഥന്റെ അനുവാദത്തോടെ മാത്രമേ ഡെപ്യൂട്ടേഷന് പാടുള്ളൂ. എന്നാല്‍ യാത്ര തയാറെടുപ്പുകള്ക്കുപോലും സമയം നല്‍കാതെ ഫോണില്‍ വിളിച്ച് തിരുവനന്തപുരത്ത് ജോലിയില്‍ പ്രവേശിക്കാനായിരുന്നു നിര്‍ദേശം.