കോതമംഗലം: ചേരയെ തല്ലിക്കൊന്ന് കറി വെയ്ക്കുകയും മദ്യപിക്കുവാന്‍ പണം കണ്ടെത്താന്‍ ഇത് പെരുമ്പാമ്പിന്റെ ഇറച്ചിയെന്ന് വിശ്വസിപ്പിച്ച് വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത നിരവധികേസ്സുകളിലെ പ്രതിയെ വനംവകുപ്പധികൃതര്‍ പിടികൂടി.
മരപ്പട്ടി ബിജു എന്ന പേരില്‍ അറിയപ്പെടുന്ന നേര്യമംഗലം വടക്കേപറമ്പില്‍ ബിജു (35)വിനെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിലെയും കോതമംഗലം ഫോറസ്റ്റ് റെയിഞ്ചിലെയും ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടിയത്.
വീട്ട് വളപ്പിലെത്തിയ വലിയ ചേരയെ പിടികൂടി, കൊന്ന് തോലുരിച്ച് കറിവെയ്ക്കുകയും വറക്കുകയുമായിരുന്നെന്നും മദ്യപാനത്തിന് ടച്ചിംങ് ആയി ഇവ ഭക്ഷിച്ചെന്നും ലഹരിമൂത്തപ്പോള്‍ വീണ്ടും മദ്യപിക്കാന്‍ പണം കണ്ടെത്തുന്നതിനായി ഇത് പെരിമ്പാമ്പിന്റെ ഇറച്ചിയെന്ന് വിശ്വസിപ്പിച്ച് ഇയാള്‍ വില്‍പ്പനയ്ക്കു ശ്രമിക്കുകയായിരുന്നെന്നുമാണ് വനംവകുപ്പധികൃതര്‍ വ്യക്തമാക്കുന്നത്.
കറി വെയ്ച്ചതും വറത്തതുമായ നിലയില്‍ ചേരയുടെ മാംസവും തുകല്‍, തല, വാല്‍, പണ്ടം തുടങ്ങിയ ശരീരഭാഗങ്ങളും ഇയാളുടെ വീട്ടില്‍ നിന്നും അധികൃതര്‍ കണ്ടെടുത്തിട്ടുണ്ട്. വന്യ ജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ രണ്ട് -പാര്‍ട്ട് രണ്ടില്‍ സംരക്ഷിത ഉരഗമാണ് ചേര. വന്യജീവി നിയമ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
വാളറ ഫോറസ്റ്റ് സ്റ്റേഷനിലെ തൊണ്ടി തടി മോഷണം പോയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള കേസിലും മറ്റ് നിരവധി ക്രിമിനല്‍ കേസുകളിലും ബിജു പ്രതിയാണെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു.
ഡെപ്യൂട്ടി റെയിഞ്ചോഫീസര്‍ ജി ജി സന്തോഷ്, എസ് എഫ് ഒ അനില്‍ ഘോഷ് ,ബി എഫ് ഒ മാരായ പി എന്‍ ജയന്‍, കെ പി മൂജീബ്, കെ എം അലിക്കുഞ്ഞ്, ഷിബു എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥസംഘം കേസന്വേഷണത്തിനും തെളിവെടുപ്പിനും നേതൃത്വം നല്‍കി.