തിരുവനന്തപുരം: ബെവ്കോ വഴി വിൽക്കുന്ന മദ്യത്തിൽ ക്യു.ആർ കോഡ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി എം.ബി രാജേഷ്. ആദ്യ ഘട്ടത്തിൽ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് ഉൽപാദിപ്പിക്കുന്ന ജവാൻ റമ്മിൽ പൈലറ്റ് പ്രോജക്ട് അടിസ്ഥാനത്തിൽ ക്യു.ആർ കോഡ് പതിച്ചിട്ടുണ്ടെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു. ലൈഫ് പദ്ധതിയിൽ 2017 മുതൽ 2024 സെപ്റ്റംബർ 30 വരെ 5,17,199 കുടുംബാംഗങ്ങൾക്ക് വീട് അനുവദിച്ചു. 4,16,678 വീടുകളുടെ നിർമാണം പൂർത്തിയായി.
1,00,521വീടുകൾ മാർച്ചോടെ പൂർത്തിയാക്കും. മുൻകാലങ്ങളിൽ വിവിധ കേന്ദ്ര -സംസ്ഥാന പദ്ധതികളിൽ ഉൾപ്പെട്ടെങ്കിലും പൂർത്തീകരിക്കാതെ പോയ 54,116 വീടുകളിൽ 52,680 എണ്ണം ഇതിനകം പൂർത്തിയാക്കി. 2021 മേയ് മുതൽ 2024 സെപ്റ്റംബർ 30 വരെ ലൈഫിൽ 2,29,415 വീടുകൾ അനുവദിച്ചു. 1,54,547 വീടുകൾ പൂർത്തീകരിച്ചു. 74,868 വീടുകൾ നിർമാണ ഘട്ടത്തിലാണ്. കെ-ഫോൺ വഴി 22,357 ഓഫിസുകളിൽ ഇന്റർനെറ്റ് കണക്ഷൻ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 5833 വീടുകളിൽ കെ-ഫോൺ വഴി സൗജന്യമായി ഇന്റർനെറ്റ് നൽകി. 32,379 വാണിജ്യ കണക്ഷനും നൽകി.