പത്തനംതിട്ട : കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരെ സ്രവ പരിശോധനയ്ക്ക് കൊണ്ടുപോകുന്നത് വേണ്ടത്ര മുൻകരുതലോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെയെന്ന് പരാതി. പഞ്ചായത്തുകളുടെ അധീനതയിലുള്ള കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും മറ്റും നിരീക്ഷണത്തിൽ കഴിയുന്നവരെയാണ് ഇങ്ങനെ കൊണ്ടുപോകുന്നത്.
ഒരു ആംബുലൻസിൽ തന്നെ പലയിടങ്ങളിൽ നിന്നുള്ള നാലും അഞ്ചും പേരെ ഒരുമിച്ചാണ് കൊണ്ടുപോകുന്നത്. ഇവരിൽ പലരും രോഗ വാഹകരാണെന്ന് നിരീക്ഷണത്തിൽ കഴിയുന്നവർ പറയുന്നത്. ഇത്തരത്തിൽ പരിശോധനയ്ക്കായി കഴിഞ്ഞ ദിവസങ്ങളിൽ കൊണ്ടുപോയവരിൽ ഒട്ടേറെപ്പേരുടെ ഫലം പോസിറ്റീവ് ആയതോടെ മറ്റുള്ളവർ ആശങ്കയിലാണ്. കൂടെ ഉണ്ടായിരുന്നവർ പോസിറ്റീവ് ആകുന്നതോടെ ഇവർ വീണ്ടും സമാനമായ രീതിയിൽ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരുന്നുണ്ട്. വളരെ സുരക്ഷിതമായി വിവിധ ഇടങ്ങളിൽ നിന്ന് എത്തിയവരും ഇത്തരത്തിൽ സ്രവ പരിശോധനയ്ക്ക് പോകുന്നതോടെ രോഗം പകരാനുള്ള സാധ്യത കൂടുതല്‍ ആണെന്നാണ് നിരീക്ഷണത്തിൽ കഴിയുന്നവർ പറയുന്നത്.
ആരോഗ്യ പ്രവർത്തകർ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും എത്തി നിരീക്ഷണത്തിൽ കഴിയുന്നവരുടെ സ്രവങ്ങൾ എടുക്കുന്നതിനു ക്രമീകരണം ചെയ്യുകയോ അല്ലെങ്കിൽ ആംബുലൻസിൽ സാമൂഹിക അകലം പാലിച്ച് വേണ്ട സുരക്ഷാ മുൻകരുതലോടെ കൊണ്ടുപോകുകയോ വേണമെന്നാണ് ഇവരുടെ ആവശ്യം. നിരീക്ഷണത്തിൽ കഴിയുന്നവരുടെ പരിശോധനാ ഫലം ഏറെ വൈകുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പ്രക്കാനം സ്വദേശിയുടെ 14 ദിവസത്തെ നിരീക്ഷണം ഈ മാസം ഒന്നിന് കഴിഞ്ഞിരുന്നു. പിന്നെയും ഒരാഴ്ച കഴിഞ്ഞാണ് ഇവരുടെ സ്രവ പരിശോധന ഫലം വന്നത്. ഇവർ പോസിറ്റീവ് ആയതോടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ വീണ്ടും നിരീക്ഷണത്തിലായി. ഗൾഫിൽ നിന്ന് എത്തി അടൂരിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവിനോട് 16 ദിവസം കഴിഞ്ഞപ്പോൾ അധികൃതർ വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു. ഇത് അനുസരിച്ച് അദ്ദേഹം വീട്ടിൽ എത്തി 5 ദിവസം കഴിഞ്ഞെങ്കിലും ഇതുവരെ പരിശോധനാ ഫലം ലഭ്യമായിട്ടില്ല.