പത്തനംതിട്ട : ക്വാറന്റൈനില്‍ നിന്ന് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാരും ആരോഗ്യപ്രവര്‍ത്തകരും ഓടിച്ചിട്ട് പിടികൂടി കയ്യും കാലും കെട്ടി ആംബുലന്‍സില്‍ കൊണ്ടുപോയ പ്രവാസിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. നിലവില്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണ് ഇദ്ദേഹമുളളത്. ജൂലൈ മൂന്നിന് റിയാദില്‍ നിന്ന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ചെന്നീര്‍ക്കര സ്വദേശിയാണ് ജൂലൈ ആറിന് പത്തനംതിട്ട നഗരത്തില്‍ എത്തിയത്. മാസ്ക് ധരിക്കാതെ പോകുന്നത് കണ്ടാണ് പോലീസ് ഇദ്ദേഹത്തെ തടഞ്ഞ് കാര്യങ്ങള്‍ തിരക്കിയത്.
വിദേശത്ത് നിന്ന് എത്തിയതാണെന്ന് അറിയിച്ചതോടെ ആശുപത്രിയിലേക്ക് പോകാന്‍ പോലീസ് നിര്‍ദേശിച്ചു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്നതോടെ ആരോഗ്യപ്രവര്‍ത്തകരെ പോലീസ് വിവരം അറിയിച്ചു. തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാളോട് ആംബുലന്‍സില്‍ കയറാന്‍ പറഞ്ഞെങ്കിലും അതിന് തയ്യാറായില്ല.
ആരോഗ്യപ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ചതോടെ കുതറിയോടിയ ഇയാളെ ഓടിച്ചിട്ടാണ് കീഴ്പ്പെടുത്തിയത്. കയ്യും കാലും കെട്ടി, സ്ട്രെക്ച്ചറില്‍ ബെല്‍റ്റിട്ട് മുറുക്കിയാണ് ആംബുലന്‍സിലേക്ക് ഇയാളെ ആരോഗ്യപ്രവര്‍ത്തകര്‍ കയറ്റിയത്. ക്വാറന്റൈനില്‍ നിന്ന് പുറത്തിറങ്ങിയതിന് ഓടിച്ചിട്ട് പിടികൂടി കുറ്റവാളികളെന്ന വിധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.