തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കൂടുമ്പോഴും നിര്‍ദേശങ്ങള്‍ പാലിക്കാത്തവരുടെ എണ്ണവും കൂടുന്നു. ഒരാഴ്ചക്കിടെ 137 പേര്‍ ക്വാറന്‍റൈന്‍ ലംഘിച്ച് പുറത്തിറങ്ങിയതായി കണ്ടെത്തി. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരുടെ എണ്ണവും ഇരട്ടിയായി ഉയര്‍ന്നു. കര്‍ശന നിയമനടപടിയിലേക്ക് കടക്കുമെന്ന് നിരീക്ഷണ ചുമതലയുള്ള ഐജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.
രോഗികളുടെ എണ്ണത്തിലെ കുതിച്ചുചാട്ടവും സമൂഹവ്യാപന സാധ്യതയുമെല്ലാം ചേര്‍ന്ന് ഏറ്റവും കൂടുതല്‍ സൂക്ഷിക്കേണ്ട ദിനങ്ങളിലാണ് നമ്മുടെ ജീവിതം. എന്നാല്‍ ഇളവുകുള്‍ ആസ്വദിച്ച് തുടങ്ങിയതോടെ ജാഗ്രത കൈവിട്ടോയെന്ന് സംശയിക്കാവുന്നതാണ് പല കണക്കുകളും. നാലാംഘട്ട ലോക്ഡൗണ്‍ തുടങ്ങിയ ശേഷം മാസ്ക് ധരിക്കാന്‍ പോലും പലരും മടിക്കുന്നു. അതിലും ആശങ്കയുണര്‍ത്തുന്നതാണ് ക്വാറന്‍റൈന്‍ ലംഘനങ്ങള്‍. ആറ് ദിവസത്തിനുള്ളില്‍ 137 പേരാണ് നിരീക്ഷണം ലംഘിച്ച് പുറത്തിറങ്ങിയത്. ഒരുഘട്ടത്തില്‍ മുള്‍മുനയിലായിരുന്ന കാസര്‍ഗോട്ടാണ് കേസ് കൂടുതലും. 81 കേസുകളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. ക്വാറന്‍റൈൻ ലംഘിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നിരിക്കെ ബൈസിക്കിള്‍ ബ്രിഗേഡിലൂടെ നടപടി കര്‍ക്കശനമാക്കാനൊരുങ്ങുകയാണ് പോലീസ്.
നേരിട്ടെത്തിയുള്ള നിരന്തര നിരീക്ഷണത്തിനായി 1042 ടീം രംഗത്തിറങ്ങി കഴിഞ്ഞു. രണ്ട് ദിവസം കൊണ്ട് ഇരുപത്തിരണ്ടായിരം വീടുകളും നാലിയിരത്തോളം കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ടീമെത്തും. ക്വാറന്‍റൈനിലുള്ളവരുടെ വീട്ടിലെത്തി നിരീക്ഷിക്കുന്നതിനൊപ്പം അയല്‍ക്കാരോടും കാര്യങ്ങള്‍ തിരക്കും. ലംഘനം കണ്ടാല്‍ ഉടനടി അറസ്റ്റ് രേഖപ്പെടുത്തി സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് മാറ്റും. ജാഗ്രത കൈവിട്ടാല്‍ ആപത്തെന്ന മുന്നറിയിപ്പോടെയാണ് സൈക്കിള്‍ ബ്രിഗേഡിന്റെ യാത്ര.