വൈത്തിരി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റീനില്‍ കഴിയുന്നവര്‍ വോട്ടുരേഖപ്പെടുത്തിയ ബാലറ്റുപേപ്പറുകള്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ തുറക്കുകയും പ്രാദേശിക സി.പി.എം പ്രവര്‍ത്തകര്‍ക്ക് കാണിക്കുകയും ചെയ്തതായി പരാതി. പൊഴുതന മീന്ചാല് പ്രദേശത്തുനിന്നാണ് പരാതി ഉയര്‍ന്നത്.
സംഭവം ശ്രദ്ധയില്‍പെട്ട യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഫോട്ടോയെടുത്തു ഡെപ്യൂട്ടി കലക്ടര്‍ക്കും എ.ഡി.എമ്മിനും കൈമാറി. വോട്ടു ചെയ്ത വിവരങ്ങള്‍ ഒരു കാരണവശാലും പ്രസിദ്ധപ്പെടുത്തരുതെന്നും സംഭവം നടന്നിട്ടുണ്ടെങ്കില്‍ ഗൗരവതരമാണെന്നും അന്വേഷിച്ചു നടപടികളെടുക്കുമെന്നും എ.ഡി.എം അജീഷ് പറഞ്ഞു. സ്പെഷല്‍ ബാലറ്റ് വിതരണത്തില്‍ പൊഴുതനയില്‍ ഗുരുതര ചട്ടലംഘനമാണ് നടന്നതെന്ന് യു.ഡി.എഫ് ആരോപിച്ചു.
സി.പി.എം അനുകൂല സംഘടനയിലെ ആരോഗ്യപ്രവര്‍ത്തകരും പോലീസും ചേര്‍ന്നാണ് ബാലറ്റ് എത്തിക്കുന്നത്. വോട്ടര്‍മാരോട് ബാലറ്റ് പേപ്പര്‍ വാങ്ങാന്‍ സി.പി.എം നേതാക്കള്‍ ശ്രമിക്കുന്നതായി പൊഴുതനയിലെ വിവിധ കേന്ദ്രങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് സ്വകാര്യതയോടെ കൈകാര്യം ചെയ്യുന്ന കോവിഡ് പട്ടിക സി.പി.എം നേതാക്കള്‍ക്ക് മുന്‍കൂട്ടി ലഭിച്ചതായും യു.ഡി.എഫ് ചെയര്മാന് കെ.വി. ഉസ്മാന്, കണ്‍വീനര്‍ സുനീഷ് തോമസ് എന്നിവര്‍ ആരോപിച്ചു.