ഏത് സേവനവും ഓൺലൈൻ ആകുന്ന ഇക്കാലത്ത് ഇ-മെയിൽ ഐഡിയുടെ പ്രാധാന്യം ഏറെ വലുതാണ്. ഇന്ന് നമ്മുടെയെല്ലാം ആദ്യത്തെ വിലാസം ഇ-മെയിൽ അഡ്രസ് ആണെന്ന് പോലും പറയാം. എന്തിനും എതിനും ലോഗിൻ ചെയ്യണമെങ്കിൽ ഇ-മെയിൽ ഐഡി കൂടിയേ തീരൂ. കൊച്ചുകുട്ടികൾക്ക്പോലും ഇന്ന് സ്വന്തമായി ഇ-മെയിൽ ഐഡി ഉണ്ടായിരിക്കും. ഏറെ പ്രധാനപ്പെട്ട ഈ ഇ-മെയിൽ ഐഡിയുടെ പാസ് വേഡ് (password) മറന്നുപോയാലോ. എല്ലാവർക്കും പലപ്പോഴും സംഭവിക്കുന്ന കാര്യമാണത്. ഒരു തവണ ലോഗിൻ ചെയ്ത് ഉപയോഗിച്ചു തുടങ്ങിയാൽ പിന്നീട് ചിലപ്പോൾ പാസ്വേഡ് ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. അങ്ങനെയുള്ളവർ ഒരു പക്ഷേ പാസ്വേഡ് മറന്നുപോകാൻ സാധ്യത വളരെ കൂടുതലാണ്.
കൂടാതെ ഒരുപാട് പാസ് വേഡുകള്‍ ഉപയോഗിക്കുന്നതിനിടെ ഇ- മെയിൽ ഐഡിയുടെപാസ് വേഡ് ഓർത്തിരിക്കണമെന്നും ഇല്ല. തെറ്റ് പറ്റുക മനുഷ്യസഹജമാണ്. ജി-മെയിൽ ഐഡിയുടെ പാസ് വേഡ് മറക്കുക എന്നതും അതുപോലെ തന്നെയാണ്. അതുകൊണ്ടാണ് പാസ് വേഡ് മറന്നാലും വീണ്ടെടുക്കാനുള്ള ഓപ്ഷനും അതോടൊപ്പം തന്നെ നൽകിയിരിക്കുന്നത്. അതായത് ഫൊർഗൊട്ട് പാസ് വേഡ് എന്ന ഓപ്ഷൻ. പാസ് വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യേണ്ടയിടത്തെല്ലാം പാസ് വേഡ് മറന്നുപോകുന്നവർക്ക് അത് വീണ്ടെടുക്കുന്നതിനായി തൊട്ടടുത്ത് ഫൊർഗൊട്ട് പാസ് വേഡ് എന്ന ഓപ്ഷൻ നൽകിയിരിക്കുന്നത് കാണാം. എന്നാൽ ഈ ഓപ്ഷൻ ഉപയോഗിക്കുന്നതിന് ഒരു പരിധിയുണ്ട്. കൂടാതെ ഒന്നിലേറെ തവണ ചെയ്യുമ്പോൾ പല പ്രതിബന്ധങ്ങളും നേരിടേണ്ടിവരികയും ചെയ്യാറുണ്ട്. അതിനാൽത്തന്നെ ഇത് പലരെയും കുഴക്കാറുണ്ട്. പുതിയ പാസ് വേഡ് സെറ്റ് ചെയ്യേണ്ടിവരും എന്നതാണ് ഫൊർഗൊട്ട് പാസ് വേഡ് ഓപ്ഷൻ സ്വീകരിക്കുമ്പോൾ നേരിടേണ്ടിവരുന്ന മറ്റൊരു ബുദ്ധിമുട്ട്. കൂടാതെ നമ്മൾ ലോഗിൻ ചെയ്യാൻ ഉപയോഗിച്ച ഫോണോ, നമ്പറോ ഒക്കെ ആവശ്യമായി വന്നേക്കാം. എന്നാൽ ഇതൊക്കെ എപ്പോഴോ നമ്മുടെ കൈയിൽ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ കാര്യങ്ങൾ വീണ്ടും സങ്കീർണമാകുകയും ചെയ്യും.
ഫൊർഗോട്ട് പാസ് വേഡ് ഓപ്ഷൻ ഉപയോഗിക്കുകയോ ഈ പ്രശ്നങ്ങൾ നേരിടുകയോ ചെയ്യാതെ മറന്നുപോയ പാസ്വേഡ് ഈസിയായി വീണ്ടെടുക്കാനുള്ള ഒരു വഴി നമ്മുടെ ഗൂഗിൾ ക്രോമിൽ ഒളിഞ്ഞിരിപ്പുണ്ട്. ഓട്ടോഫിൽ എന്നാണ് ഈ ഫീച്ചറിന്റെ വിളിപ്പേര്. എന്നാൽ ഈ ഓട്ടോഫിൽ സേവനം ഫലപ്രദമായി ഉപയോഗിക്കണമെങ്കിൽ അതിന് നിങ്ങളുടെ ഐഡികളും പാസ് വേഡും ഒക്കെ നേരത്തെ ബ്രൗസറിൽ സേവ് ചെയ്തിട്ടുണ്ടാവണം. പാസ് വേഡ് അതേപടി തിരിച്ചു കിട്ടാനുള്ള ഈ ഓട്ടോഫിൽ വഴിയിലൂടെ എങ്ങനെയാണ് മുന്നോട്ട് പോകേണ്ടത് എന്ന് ഒന്ന് അറിഞ്ഞുവെയ്ക്കുന്നത് ചിലപ്പോൾ എന്നെങ്കിലും ഒരിക്കൽ ഉപകാരപ്പെടാൻ സാധ്യതയുണ്ട്.
ഓട്ടോഫിൽ ഉപയോഗപ്പെടുത്തി പാസ്വേഡ് കണ്ടെത്തുന്നത് എങ്ങനെ :
സ്റ്റെപ്പ് 1: ആദ്യം നിങ്ങൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ/ സ്മാർട്ട്ഫോണിൽ ക്രോം ബ്രൗസർ തുറക്കുക.
സ്റ്റെപ്പ് 2 : അവിടെ വെബ്‌സൈറ്റിന്റെ വലത് കോണിലുള്ള സെറ്റിങ്സ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3: സ്ക്രീനിന്റെ അങ്ങേയറ്റത്തെ ഇടത് മൂലയിലെ ഓട്ടോഫിൽ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 4: ആദ്യ ഓപ്ഷനായ പാസ്‌വേഡ്സ് എന്നതിൽ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 5: നിങ്ങളുടെ ക്രോമിൽ സേവ് ചെയ്തിട്ടുള്ള എല്ലാ അക്കൗണ്ടുകളുടെയും പാസ്‌വേഡുകൾ ഇവിടെ കാണാൻ കഴിയും. ഇവിടെ പാസ്‌വേഡ് വിസിബിലിറ്റി എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ത്രീ ഡോട്ടുകളിൽ ക്ലിക്ക് ചെയ്‌ത് മറന്നുപോയ ഐഡിയും പാസ്‌വേഡും കോപ്പി ചെയ്യാൻ സാധിക്കും.
.