നെടുങ്കണ്ടം : ഓണ്‍ലൈന്‍ വ്യാപാരസൈറ്റിലൂടെ 17000രൂപയുടെ മൊബൈല്‍ ഫോണ്‍ ബുക്കുചെയ്ത വീട്ടമ്മയ്ക്ക് ലഭിച്ചത് മൂന്നുടിന്‍ പൗഡര്‍, അതും കാലാവധി കഴിഞ്ഞത്. മുണ്ടിയെരുമ സ്വദേശിനി അഞ്ജന കൃഷ്ണനാണു തട്ടിപ്പിന് ഇരയായത്. കാഷ് ഓണ്‍ ഡെലിവറിയായി 16,999 രൂപയുടെ ഫോണിനാണ് ബുക്കുചെയ്തത്. ഒരാഴ്ചമുമ്പ് ഡെലിവറി ബോയി വിളിച്ച് ഫോണ്‍ എത്തിയെന്ന വിവരമറിയിച്ചു. ഭര്‍ത്താവ് ഫോണ്‍ വാങ്ങാനായി ടൗണിലെത്തി പാഴ്‌സല്‍ കൈപ്പറ്റി. പ്രോസസിങ് ചാര്‍ജുകളടക്കം 17,028 രൂപ കൈമാറുകയും ചെയ്തു.
ഫോണ്‍ കവര്‍ പൊട്ടിച്ചുനോക്കാന്‍ ശ്രമിച്ചെങ്കിലും, ഡെലിവറി ബോയി അതിനുമുമ്ബ് സ്ഥലംവിട്ടു. വീട്ടിലെത്തിച്ച് കവര്‍ തുറന്നപ്പോഴാണ് പൗഡര്‍ ടിന്നുകള്‍ കണ്ടത്. ഇതോടെ, ഇവര്‍ നെടുങ്കണ്ടം പോലീസിലും ഉപഭോക്തൃ കോടതിയിലും ഓണ്‍ലൈന്‍ വ്യാപാരസൈറ്റിലും പരാതി നല്‍കി. നെടുങ്കണ്ടം സി.ഐ. ബി.എസ് ബിനു, എസ്.ഐ. ജി.അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവത്തിനു പിന്നില്‍ കൂറിയര്‍ കമ്പനിയുടെ ഡെലിവറി ബോയിയെന്ന് കണ്ടെത്തുകയായിരുന്നു. ഒടുവില്‍, നഷ്ടപ്പെട്ട ഫോണുകളുടെ വില കൂറിയര്‍ കമ്പനിക്ക് നല്‍കി ഡെലിവറി ബോയി കേസില്‍ നിന്ന് തടിതപ്പി.
പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ നെടുങ്കണ്ടം, സന്ന്യാസിയോട സ്വദേശികളെയും ഇത്തരത്തില്‍ പറ്റിച്ചിട്ടുണ്ടെന്ന് ഡെലിവറി ബോയി സമ്മതിച്ചു. 18,000 രൂപയുടെ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് എത്തിയ ബോക്സ് പൊട്ടിച്ച് 10,000 രൂപയുടെ ഫോണ്‍ നല്‍കിയതായും ഡെലിവറി ബോയി പറഞ്ഞു. ഇതോടെ കൂറിയര്‍ കമ്പനിയുടെ കൊച്ചി ഓഫീസില്‍നിന്നുള്ള അധികൃതരെ പോലീസ് വിളിച്ചുവരുത്തി.
പോലീസിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍, മോഷ്ടിച്ച ഫോണുകളുടെ ആകെ തുകയായ 41,000 രൂപ ഡെലിവറി ബോയി കൂറിയര്‍ കമ്പനിയുടെ അക്കൗണ്ടിലേക്ക് കൈമാറി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഇത് ഉടമകളുടെ അക്കൗണ്ടിലേക്ക് തിരികെ നല്‍കും. എന്നാല്‍, തങ്ങള്‍ നല്‍കിയ പരാതി പിന്‍വലിച്ചിട്ടില്ലെന്നും, മോഷണം നടത്തിയ ഡെലിവറി ബോയിക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും തട്ടിപ്പിനിരയായ അഞ്ജന കൃഷ്ണന്‍ ആവശ്യപ്പെട്ടു.