കോന്നി : സ്വന്തം കർമ്മമണ്ഡലത്തിലെ ത്യാഗപൂർണമായ സേവനത്തിന് ഒരു നാട് നൽകിയ അംഗീകാരമാണ് പത്തനംതിട്ട കോന്നിയിലെ രാധപ്പടി എന്ന സ്ഥലനാമം. 45 വർഷങ്ങൾക്ക് മുൻപ് ഹരിപ്പാട് സ്വദേശി രാധ പത്രപരസ്യം കണ്ടാണ് നേഴ്സയായി ജോലിയ്ക്ക് 21-ാം വയസിൽ കോന്നിയിലെ ഡിസ്പൻസറിയിൽ എത്തിയത്. വനപ്രദേശമായ കോന്നിയുടെ ഉൾഗ്രാമങ്ങളിൽ ഈ ഡിസ്പെൻസറിയുടെ സേവനമാണ് ആകെ ആശ്രയം. ഡോക്ടറുടെ സേവനമോ യാത്രാ സൗകര്യമോ ഇല്ലാത്ത പ്രദേശത്തെ ജനങ്ങൾക്ക് ആ കാലത്ത് ആകെയുള്ള ആശ്രയമായിരുന്നു രാധ എന്ന നേഴ്സ്.
സ്വന്തം ജീവിതത്തിന്‍റെ ഏറിയ പങ്കും അവർ ഈ നാട്ടിലെ ജനങ്ങൾക്കായി മാറ്റി വെച്ചു. വനമേഖലയിൽ ഉൾക്കാട്ടിലുൾപ്പെടെ പോയി ചികിത്സ നടത്തി നൂറ് കണക്കിന് പ്രസവം അടക്കം എടുത്തു. ഈ സേവനത്തിന് നാട് നൽകിയ അംഗീകാരമാണ് കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ സ്ഥലത്തിന് രാധപ്പടി എന്ന നാമം നൽകി രാധമ്മയെ അംഗീകാരം നൽകിയത്. പെരിങ്ങാല 16-ാം വാർഡിൽ ഉഷസ്സ് വീട്ടിൽ മകൾ ശ്രീകലയ്ക്കും മരുമകൻ പ്രകാശിനുമൊപ്പമാണ് രാധമ്മ വിശ്രമജീവിതം ധന്യമാക്കുന്നത്. സ്വന്തം പേര് നാടിനൊപ്പം ചേര്‍ത്ത രാധമ്മയ്ക്ക് ബിജെപി ആദരവ് നൽകി.