ന്യൂഡല്‍ഹി : റഫേല്‍ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഉടന്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും. കൊല്‍ക്കത്തയിലെ ഹാഷിമാര വ്യോമ താവളത്തില്‍ നടക്കുന്ന ചടങ്ങിലാണ് വിമാനങ്ങള്‍ വ്യോമസേനയ്ക്ക് കൈമാറുക. ചടങ്ങുകള്‍ക്ക് ശേഷം മെയില്‍ വിമാനങ്ങള്‍ ഹാഷിമാര വ്യോമ താവളത്തില്‍ എത്തിക്കും. ഫ്രാന്‍സിലെ യുദ്ധവിമാന പൈലറ്റുമാരുടെ പരിശീലനവും ഇതേ സമയം പൂര്‍ത്തിയാകും. മൂന്ന് വിമാനങ്ങളാണ് രണ്ടാം ബാച്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കൂടുതല്‍ വിമാനങ്ങള്‍ സ്വന്തമാകുന്നതോടെ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് റഫേല്‍ വിമാനങ്ങളുടെ ആദ്യ ബാച്ച് വ്യോമസേനയുടെ ഭാഗമായത്. ഹരിയാനയിലെ അംബാല വ്യോമതാവളത്തില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാക്കിയത്. ആദ്യ ബാച്ചില്‍ അഞ്ച് റഫേല്‍ വിമാനങ്ങളാണ് ഉണ്ടായിരുന്നത്.