കാസർകോട് : കുമ്പളയിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്തതായി പരാതി. അംഗടിമുഗർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥിയാണ് റാഗിങ്ങിനിരയായത്. വിദ്യാർഥിയുടെ പരാതിയിൽ കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂൾ വിട്ട് വീട്ടിൽ പോകുന്നതിനിടയിലാണ് പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ തടഞ്ഞുവെച്ച് റാഗ് ചെയ്തത്. സ്കൂളിനു സമീപത്തുള്ള ബസ് കാത്തിരുപ്പു കേന്ദ്രത്തിൽ വെച്ച് വിദ്യാർഥിയോട് സാങ്കൽപ്പികമായി മോട്ടോർ സൈക്കിൾ ഓടിക്കാൻ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെടുകയായിരുന്നു.
കുട്ടി വിസമതിച്ചതോടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി. വിദ്യാർഥിയുടെ പരാതിയിൽ കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരു കൂട്ടരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വിദ്യാർഥികൾക്കെതിരെ സ്കൂളിന്റെ ഭാഗത്തു നിന്നും ഉടൻ നടപടിയുണ്ടാകും.