ന്യൂഡല്‍ഹി: ജാമിഅ സര്‍വകലാശാല വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിന് നേരെ വെടിയുതിര്‍ക്കാന്‍ പണം കൊടുത്ത് അക്രമിയെ ഇറക്കിയതാരെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാം ഭക്ത് ഗോപാല്‍ എന്ന സംഘ്പരിവാര്‍ പ്രവര്‍ത്തകനാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെപ്പ് നടത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇയാള്‍ 11ാം ക്ലാസ് വിദ്യാര്‍ഥിയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് 17 കാരനായ ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കി. ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും ഇയാളുടെ പേരില്‍ ചുമത്തിയിട്ടുണ്ട്.
അക്രമി ഒരു സംഘടനയുമായി ബന്ധപ്പെട്ട വ്യക്തിയല്ലെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പൗരത്വ പ്രതിഷേധ പരിപാടികളും പ്രക്ഷോഭങ്ങളും കണ്ട ശേഷമുണ്ടായ മാറ്റമാണ് അക്രമത്തിന് പിന്നിലെന്നുമാണ് പോലീസ് ഭാഷ്യം. എന്നാല്‍ ഇയാള്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.