ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മലാ സീതാരാമനുമാണ് രാഹുല്‍ഗാന്ധിയുടെ വിമര്‍ശനം. പെട്രോള്‍ വില കുറക്കാന്‍ പറഞ്ഞപ്പോള്‍ നമ്മുടെ ‘പ്രതിഭ’ എക്സൈസ് തീരുവ കൂട്ടിയെന്നും രാഹുല്‍ പരിഹസിച്ചു. ശനിയാഴ്ചയാണ് പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ ലിറ്ററിന് മൂന്ന് രൂപ വീതം എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
ആഗോള എണ്ണ വില തകര്‍ച്ചയുടെ ആനുകൂല്യം രാജ്യത്തെ ജനങ്ങള്‍ക്ക് കൈമാറാന്‍ മൂന്ന് ദിവസം മുമ്പ് പ്രധാനമന്ത്രിയോട് ഞാന്‍ ആവശ്യപ്പെട്ടിരുന്നു. പെട്രോളിനും ഡീസലിനും വില കുറച്ചുക്കൊണ്ട് നേട്ടം ജനത്തിന് നല്‍കാനായിരുന്നു ഞാന്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ഉപദേശം ശ്രദ്ധിക്കുന്നതിന് പകരം നമ്മുടെ പ്രതിഭ ഇന്ധനത്തിന്റെ എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ചുവെന്ന് അദേഹം പറഞ്ഞു.