ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെന്റിലേറ്ററിനോട് ഉപമിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. പിഎം കെയർ ഫണ്ട് വെന്റിലേറ്ററും പ്രധാനമന്ത്രിയും തമ്മിൽ ഒരുപാട് സാമ്യമുണ്ട്. രണ്ട് കൂട്ടരെയും ആവശ്യമുള്ളപ്പോൾ കാണാൻ കിട്ടില്ല, അവരവരുടെ ജോലികൾ ചെയ്യില്ല, ഒരുപാട് തെറ്റുകൾ നിറഞ്ഞ ജനസമ്പർക്കവുമാണ് – രാഹുൽ ട്വിറ്ററിൽ കുറിച്ചു.
പഞ്ചാബിലെ ഫരീദ്കോട്ടിലെ സർക്കാർ ആശുപത്രിയിൽ പിഎം കെയർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകൾ സാങ്കേതിക തകരാറുകൾ മൂലം പ്രവർത്തനക്ഷമമല്ലാത്ത പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമർശനം. ഭാരത് ഇലക്ട്രോണിക്‌സ്, അഗ്‌വ എന്നീ സ്ഥാപനങ്ങൾ വിതരണം ചെയ്‌ത വെന്റിലേറ്ററുകളാണ് ഉപയോഗക്ഷമം അല്ലാത്തത്.
കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ പ്രധാനമന്ത്രിക്കെതിരായി മൂർച്ചയുള്ള ആക്രമണമാണ് രാഹുൽ നടത്തിവരുന്നത്. പ്രധാനമന്ത്രിയെ കാണാനില്ലെന്ന് കഴിഞ്ഞയാഴ്ച രാഹുൽ വിശേഷിപ്പിച്ചത് വളരെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഇതിനിടെ കോവിഡ് ബാധിച്ച് ദുരിതത്തിലായ ജനങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഞായറാഴ്‌ച കർഷകരുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് മോദി സംസാരിച്ചത്.