ന്യൂഡല്‍ഹി : എഐസിസി സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാഹുല്‍ ഗാന്ധിയും ഉത്തര്‍ പ്രദേശിലേക്ക്. കേന്ദ്രമന്ത്രിയുടെ മകന്റെ കാറിടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം അലയടിക്കുകയാണ്. ഇവിടേക്ക് പുറപ്പെട്ട പ്രിയങ്കയെ പോലീസ് സീതാപൂരില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയും 30 മണിക്കൂറിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
രാഹുല്‍ ഗാന്ധി ലഖീംപൂരിലേക്ക് വരുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. ബുധനാഴ്ചയാണ് അദ്ദേഹം എത്തുക. കാര്യങ്ങള്‍ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയെ യുപി പോലീസ് തടയാനാണ് സാധ്യത.
യുപിയിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിനെതിരെ പ്രതിഷേധം നടക്കുമ്പോഴാണ് രാഹുല്‍ ഗാന്ധി കൂടി യുപിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുന്നത്. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ലഖീംപുരിലേക്ക് ബുധനാഴ്ച എത്തുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ രാഹുല്‍ സന്ദര്‍ശിക്കുമെന്നാണ് കോണ്‍ഗ്രസ് സംഘടനാ ചുമതലയുള്ള സെക്രട്ടറി കെസി വേണുഗോപാല്‍ അറിയിച്ചത്. രാഹുല്‍ ഗാന്ധിയെയും പോലീസ് തടയുമെന്നാണ് സൂചന. ലഖീംപൂരിലേക്ക് ഒരു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പ്രവേശിപ്പിക്കുന്നില്ല.
യുപിയിലെത്തുന്ന കോണ്‍ഗ്രസ് നേതാക്കളെ ലഖ്‌നൗ വിമാനത്താവളത്തില്‍ വച്ച് തന്നെ തടയണം എന്നാണ് പോലീസിന് നല്‍കിയ നിര്‍ദേശo. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ വിമാനത്താവളത്തില്‍ പോലീസ് തടയുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം അവിടെ തന്നെ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു.